സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരാണ് ചിയാന്‍ വിക്രമും സൂര്യയും. ഏത് തരം വേഷവും വളരെ അനായാസം ചെയ്തു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്മാരാണ് ഇരുവരും. ബാല സംവിധാനം ചെയ്ത പിതാമകനില്‍ ഇരുവരും മത്സരിച്ച് അഭിനയിച്ചപ്പോള്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വിക്രമിനും സഹനടനുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് സൂര്യക്കും ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും കരിയറില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലും രണ്ട് താരങ്ങളുടെയും കരിയറിലെ സാമ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ കംപ്ലീറ്റ് പോസിറ്റീവ് റെസ്‌പോണ്‍സ് വന്ന സൂര്യയുടെ ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ സൂരറൈ പോട്ര്. കൊവിഡ് പ്രതിസന്ധികള്‍ കാരണം ഒ.ടി.ടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഒട്ടനവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം മികച്ച നടനടക്കം അഞ്ച് ദേശീയ അവാര്‍ഡ് നേടിയിരുന്നു.
കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിക്രം ചിത്രമായിരുന്നു മഹാന്‍. വിക്രമിന്റെ മകന്‍ ധ്രുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗാന്ധി മഹാന്‍ എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണ് ചിയാന്‍ മഹാനില്‍ കാഴ്ച വെച്ചത്. സൂരറൈ പോട്രും മഹാനും തിയേറ്റര്‍ റിലീസ് അര്‍ഹിച്ചിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
കൊവിഡിന്റെ പ്രതിസന്ധികള്‍ക്ക് ശേഷം ഇരുവരും നായകരായി ഓരോ സിനിമകള്‍ തിയേറ്ററുകളിലെത്തിയിരുന്നു. എന്നാല്‍ വന്‍ പ്രതീക്ഷയോടെ വന്ന രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. പാണ്ഡിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എതര്‍ക്കും തുനിന്തവന്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് കഷ്ടിച്ച് ഹിറ്റായപ്പോള്‍, അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
ഈ രണ്ട് സിനിമകളുടെയും പരാജയത്തിന് ശേഷം ഇരുവരുടെയും പുറത്തിറങ്ങാനുള്ള സിനിമകളാണ് കങ്കുവയും, തങ്കലാനും. അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് 3ഡി ചിത്രമാണ് കങ്കുവ. 10 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. നച്ചത്തിരം നഗര്‍കിരതിന് ശേഷം പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് വിക്രമിന്റെ പുതിയ ചിത്രം. രണ്ട് സിനിമകളും നിര്‍മിക്കുന്ന സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് രണ്ട് സിനിമകളുടെയും റിലീസ് വൈകുന്നത്.
ഇരുവരും ഭാഗമായ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ഇന്‍ഡസ്ട്രി ഹിറ്റായി എന്നതും കൗതുകമുണര്‍ത്തുന്ന മറ്റൊരു വസ്തുതയാണ്. തമിഴ് ജനത നെഞ്ചിലേറ്റുന്ന നോവലായ പൊന്നിയിന്‍ സെല്‍വന് മണിരത്‌നം ചലച്ചിത്രഭാഷ്യം നല്‍കിയപ്പോള്‍ ആദിത്യകരികാലന്‍ എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സാണ് ചിയാന്‍ കാഴ്ചവെച്ചത്.
അതേസമയം സൂര്യയാകട്ടെ ഏറെക്കാലത്തിന് ശേഷം കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രത്തില്‍ അവസാന അഞ്ച് മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ട് കൈയടികള്‍ നേടി. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തില്‍ റോളക്‌സ് എന്ന കഥാപാത്രമായാണ് സൂര്യ എത്തിയത്. സിനിമ കണ്ട എല്ലാവരും റോളക്‌സിനെ ആഘോഷമാക്കി മാറ്റി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ റോളക്‌സിന് വേണ്ടി ഒരു സിനിമ ഉണ്ടാകുമെന്ന് ലോകേഷ് അറിയിച്ചതോടെ ആരാധകരും ഹാപ്പിയായി.
Content Highlight: Similarities in recent movies of Surya and Chiyaan Vikram