| Friday, 12th April 2024, 4:38 pm

ക്ഷണിച്ചു വരുത്തുന്ന പ്രശ്നങ്ങൾ, ബാംഗ്ലൂരിൽ ലോക്കാവുന്ന നായകന്മാർ; രോമാഞ്ചവും ആവേശവും തമ്മിലുള്ള സാമ്യതകൾ

നവ്‌നീത് എസ്.

കഴിഞ്ഞവർഷം കേരള ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വലിയ വിജയം ആയ ചിത്രം ആയിരുന്നു രോമാഞ്ചം. നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം, സൗബിനും അർജുൻ അശോകനുമൊപ്പം ചില യുവതാരങ്ങളും, ഇത്തരത്തിൽ റിലീസിന് മുമ്പ് ഒട്ടും ഹൈപ്പ് ഇല്ലാതെ വന്ന സിനിമയായിരുന്നു രോമാഞ്ചം.

എന്നാൽ ചിത്രത്തിനായി സുഷിൻ ശ്യാം ഒരുക്കിയ ‘ആദരാഞ്ജലി നേരട്ടെ’ എന്ന ഗാനം സോഷ്യൽ മീഡിയകളിൽ വലിയ സ്വീകാര്യത നേടിയതോടെയാണ് രോമാഞ്ചം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. റിലീസിന് പിന്നാലെ ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു.

ബാംഗ്ലൂരിലെ ഒരുപറ്റം യുവാക്കളുടെ കഥ പറഞ്ഞ ചിത്രം ഹൊറർ കോമഡി ഴോണറിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വിജയമായ സിനിമ കൂടിയാണ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സിനിമ പ്രേക്ഷകർ ഒരുപോലെ സ്വീകരിച്ചു. കൂട്ടുകാർ ചേർന്ന് ഓജോ ബോർഡ് കളിക്കുന്നതും പിന്നീടുണ്ടാവുന്ന പ്രശ്നങ്ങളും എല്ലാം പല സിനിമകളിലും ആവർത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിറ്റുവേഷണൽ കോമഡികളിലൂടെയും മേക്കിങ്ങിലൂടെയുമാണ് സിനിമ വലിയ വിജയമായത്. തീർത്തുമൊരു തിയേറ്റർ സ്റ്റഫ് ആയിരുന്നു രോമാഞ്ചം. അതുകൊണ്ട് തന്നെ ഒ. ടി. ടി റിലീസിന് പിന്നാലെ സിനിമക്ക് തിയേറ്ററിൽ കിട്ടിയ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞില്ല.

ഇപ്പോൾ ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമായ ആവേശവും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം. അൻവർ റഷീദ്, സുഷിൻ ശ്യാം, സമീർ താഹിർ ഇങ്ങനെ ആവേശം തിയേറ്ററിൽ നിന്ന് കാണാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് വരുമ്പോഴും ആദ്യ സിനിമയായ രോമാഞ്ചത്തിന്റെ മേക്കിങ് മികവ് ഇവിടെയും ആവർത്തിക്കുന്നുണ്ട്.

രോമാഞ്ചത്തിന്റെ സ്പിൻ ഓഫായിരിക്കാം ആവേശം എന്ന തരത്തിൽ റിലീസിന് മുമ്പ് ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥയ്ക്ക് രോമാഞ്ചവുമായി ബന്ധമില്ല. എന്നാൽ ആവേശവും രോമാഞ്ചവും തമ്മിൽ ചില സാമ്യതകളുണ്ട്.

അതിൽ ആദ്യത്തേത് രണ്ട് സിനിമകളുടെയും കഥാപശ്ചാത്തലമാണ്. രോമാഞ്ചം പോലെ പൂർണ്ണമായി ബാംഗ്ലൂരിനെ കേന്ദ്രികരിച്ചു കഥ പറയുന്ന ചിത്രമാണ് ആവേശം. വിനീത് ശ്രീനിവാസന് തന്റെ സിനിമകളിൽ ചെന്നൈ റഫറൻസ് ആവർത്തിക്കുന്ന പോലെ ഇവിടെ ബാംഗ്ലൂർ ആവർത്തിക്കുന്നുണ്ട്. പക്ഷെ ഇത് ജിത്തുവിന്റെ രണ്ടാമത്തെ സിനിമ മാത്രമാണ്.

രോമാഞ്ചം പോലെ തന്നെ ഒരു ഫ്രണ്ട്ഷിപ്പ് കഥ കൂടിയാണ് ആവേശം. ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈ മൂവർ സംഘം ഫഹദ് അവതരിപ്പിക്കുന്ന രംഗണ്ണൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുന്നതും അതേ തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രം. രോമാഞ്ചത്തിന്റെ പാറ്റേണും ഇത് തന്നെയാണ്. മറ്റുള്ളവരുടെ മുന്നിൽ വലിയ ആളാവാൻ ശ്രമിച്ച് പ്രശ്നത്തിൽ ചെന്ന് പെടുന്ന നായകൻമാർ.

രോമാഞ്ചം പോലെ സ്ത്രീ കഥാപാത്രങ്ങളുടെ ക്ഷാമം ആവേശത്തിലുമുണ്ട്. നീരജ രാജേന്ദ്രൻ അവതരിപ്പിച്ച അമ്മയുടെ കഥപാത്രം രോമാഞ്ചത്തിലെ തന്നെ സൗബിന്റെ അമ്മയുടെ കഥാപാത്രം പോലെ തോന്നിപ്പിക്കുന്നതാണ്.

ആവേശത്തിൽ ടെൻഷൻ ബിൽഡ് ചെയ്യുന്ന ചില സീനുകൾ രോമാഞ്ചത്തിലെ ഹൊറർ സീനുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. മേക്കിങ്ങിലോട്ട് വരുമ്പോൾ സുഷിന്റെ സംഗീതം വലിയ രീതിയിൽ ചിത്രത്തെ പിടിച്ച് നിർത്തുന്നുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ഒരു റൈഡിൽ കയറിയ ഫീലിൽ രോമാഞ്ചം പോലെ തന്നെയാണ് സുഷിൻ ഗംഭീരമായി സംഗീതം ഒരുക്കിയിട്ടുള്ളത്.

അത്തരത്തിൽ ജിത്തു തന്റെ പുതിയ ചിത്രത്തിലും ഒരു സംവിധായകൻ എന്ന നിലയിൽ മേക്കിങ്ങിലൂടെ കയ്യടി നേടുന്നുണ്ട്. കഥയെക്കാൾ സിറ്റുവേഷണൽ കോമഡി തന്നെയാണ് ചിത്രത്തെ പിടിച്ചു നിർത്തുന്നത്. ഒരു തിയേറ്ററിൽ ഒരു വലിയ പ്രേക്ഷകരോടൊപ്പം കണ്ടറിയേണ്ട ചിത്രം തന്നെയാണ് ആവേശം. ഒ.ടി.ടിയിൽ കാണാൻ കാത്തിരിക്കുന്നവർക്ക് രോമാഞ്ചം പോലെ പല തമാശകളും വർക്കാവാതെ പോവാനും സാധ്യതയുണ്ട്. അസാധ്യ മേക്കിങ്ങിനൊപ്പം ആടി തിമിർക്കാൻ ഫഹദ് ഫാസിൽ എന്ന ഷോ സ്റ്റീലർ കൂടെയുള്ളപ്പോൾ ഗംഭീര തിയേറ്റർ എക്സ്പീരിയൻസായി മാറുന്നുണ്ട് ആവേശം.

Content Highlight: Similarities In Aavesham And Romancham

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more