ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-3നായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
ഒന്നര പതിറ്റാണ്ടിന് ശേഷം വിന്‍ഡീസിനോട് ആദ്യമായി ഒരു സീരീസ് പരാജയപ്പെട്ടതിന്റെ വിഷമം ഇന്ത്യന്‍ ആരാധകര്‍ മറക്കുന്നത് പുതിയ താരത്തിന്റെ ഉദയത്തിലൂടെയാണ്. യുവതാരം തിലക് വര്‍മയെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ഈ പര്യടനത്തിലൂടെ ലഭിച്ചിരിക്കുന്നത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു തിലക് വര്‍മ.
ഇന്ത്യക്കായി അഞ്ച് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ തിലക് 57.56 എന്ന ശരാശരിയിലും 140.65 എന്ന സ്‌ട്രൈക്ക് റേറ്റിലും 173 റണ്‍സാണ് നേടിയത്. ഇതിന് പുറമെ കരിയറിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനും തിലകിന് സാധിച്ചു. ഇതോടെ യുവരാജ് സിങ്ങിന്റെ പിന്‍ഗാമിയാണ് തിലക് എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി.
എന്നാല്‍ ഇതിന് പുറമെ തിലക് വര്‍മയും അദ്ദേഹത്തിന്റെ ഐഡലായ സുരേഷ് റെയ്‌നയും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതകളും ചര്‍ച്ചയാകുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ റെയ്‌നയുടെ കാര്‍ബണ്‍ കോപ്പി എന്ന് പറയാവുന്ന തരത്തിലാണ് ഈ സാമ്യങ്ങള്‍.
ഈ സാമ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
– രണ്ട് പേരും ജനിച്ചത് നവംബര്‍ മാസത്തിലാണ്. (സുരേഷ് റെയ്‌ന – നവംബര്‍ 27 1986, തിലക് വര്‍മ – നവംബര്‍ 8 2002).
– രണ്ട് പേരും ഇടം കയ്യന്‍ ബാറ്റര്‍മാര്‍.
– രണ്ട് പേരും റൈറ്റ് ആം ഓഫ് ബ്രേക്ക് ബൗളര്‍മാര്‍.
– ഇരുവരും ആദ്യ ഐപി.എല്‍ ഫിഫ്റ്റി നേടുന്നത് രണ്ടാം മത്സരത്തലാണ്.
– ഐ.പി.എല്ലിലെ ആദ്യ രണ്ട് സീസണിലും 300+ റണ്‍സാണ് ഇരുവരും നേടിയത്.
– ഇരുവരും അന്താരാഷ്ട്ര ടി-20യില്‍ അരങ്ങേറ്റം കുറിച്ചത് 20ാം വയസില്‍.
– അന്താരാഷ്ട്ര ടി-20യിലെ ആദ്യ മത്സരത്തില്‍ ഇരുവരും രണ്ട് ക്യാച്ച് നേടി.
– ഇരുവരും ആദ്യമായി അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു.
– ടി-20യില്‍ ചെയ്‌സിനിടെ രണ്ട് പേരും 49 റണ്‍സില്‍ പുറത്താകാതെ നിന്നിട്ടുണ്ട്, ഇങ്ങനെ പോകുന്നു ഇവര്‍ തമ്മിലുള്ള സാമ്യങ്ങള്‍.
അതേസമയം, ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനമാണ് ഇനി തിലക് വര്‍മക്ക് മുമ്പിലുള്ളത്. ജസ്പ്രീത് ബുംറക്ക് കീഴിലാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനം നടത്തുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 18ന് നടക്കും. ദി വില്ലേജാണ് വേദി.
Content Highlight: Similarities between Tilak Varma and Suresh Raina