|

തലയുടെ മണി ഹീസ്‌റ്റോ? തുനിവുമായി ചില സാമ്യങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

അജിത്തിന് നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചെന്നൈ നഗരത്തിലെ യുവര്‍ ബാങ്കില്‍ നടക്കുന്ന കൊള്ളയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൊള്ളക്ക് നേതൃത്വം നല്‍കുന്ന ഗ്യാങ് ലീഡര്‍ വിനായക് മഹാദേവായി ( ഡാര്‍ക്ക് ഡെവിള്‍ ) അജിത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ കണ്‍മണിയെ ആണ് മഞ്ജു അവതരിപ്പിക്കുന്നത്.

ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ലോക പ്രശസ്ത വെബ് സീരിസായ മണി ഹീസ്റ്റുമായി തുനിവിനുള്ള സാമ്യങ്ങളെ പറ്റി ചര്‍ച്ചകളുയര്‍ന്നിരുന്നു. സ്പാനിഷ് വെബ് സീരിസായ മണി ഹീസ്റ്റും ഒരു ബാങ്ക് കൊള്ളയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഡാര്‍ക്ക് ഡെവിളിന്റെ നേതൃത്വത്തിലുള്ള ടീം യുവര്‍ ബാങ്കില്‍ കൊള്ള നടത്തുമ്പോള്‍ മണി ഹെയ്സ്റ്റിലെ ടീമിനെ പ്രൊഫസറാണ് നയിച്ചിരുന്നത്.

തുനിവ് റിലീസിന് ശേഷവും മണി ഹെയ്‌സറ്റുമായി ചില സാമ്യങ്ങള്‍ തുനിവിന് കാണാനാവും. മണി ഹെയ്സ്റ്റില്‍ റോയല്‍ മിന്റ് ഓഫ് സ്‌പെയ്ന്‍ കെട്ടിടത്തിനുള്ളില്‍ തന്റെ ടീം പണം കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ സമീപത്തുള്ള വാഹനത്തിലിരുന്ന് പ്രൊഫസര്‍ ഇത് നിയന്ത്രിക്കുകയാണ്. അകത്തും പുറത്തും നടക്കുന്ന വിവരങ്ങള്‍ ഇതിലൂടെ പ്രൊഫസറിന് അറിയാനാവുന്നുണ്ട്. ഇതുപോലെ ഡാര്‍ക്ക് ഡെവിള്‍ അകത്തിരുന്ന് പണം കൈക്കലാക്കുന്നതിനൊപ്പം കാര്യങ്ങളെല്ലാം നിയന്ത്രിക്കുമ്പോള്‍ ബാങ്കിന് സമീപത്തുള്ള വാഹനത്തിലിരുന്ന് പുറത്തെ വിവരങ്ങള്‍ കൈമാറുന്നത് കണ്‍മണിയാണ്.

മണി ഹെയ്സ്റ്റിലും തുനിവിലും ഗ്യാങ് ലീഡേഴ്‌സ് ജനങ്ങളോട് ലൈവായി സംവദിക്കുകയും ഇതിന് ശേഷം ജനങ്ങള്‍ കൊള്ളസംഘത്തിന് അനുകൂലമായി മാറുകയും ചെയ്യുന്നുണ്ട്. ഭരണ കൂടത്തിനെതിരായി രണ്ടിടത്തും ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്.

മണി ഹെയ്‌സ്റ്റില്‍ പണം മാത്രം ലക്ഷ്യമാക്കി പ്രൊഫസറും കൂട്ടരുമെത്തുമ്പോള്‍ കൊള്ളക്കപ്പുറം സന്ദേശം നല്‍കാനും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിലയിലേക്ക് കൊള്ളയെ കണ്‍വേര്‍ട്ട് ചെയ്യാനും ഡാര്‍ക്ക് ഡെവിളും സംഘവും ശ്രമിക്കുന്നുണ്ട്.

അജിത്ത് പതിവ് പോലെ തന്റെ സ്വാഗ് കൊണ്ടും മാസ് ആക്ഷന്‍ കൊണ്ടും ഡാര്‍ക്ക് ഡെവിളിനെ ഗംഭീരമാക്കിയിട്ടുണ്ട്. നായകന് പിന്നില്‍ ഒതുങ്ങാതെ മഞ്ജുവിന്റെ കണ്‍മണിയും സ്‌കോര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ വി.എഫ്.എക്‌സിലെ പോരായ്മകള്‍ മുഴച്ചുനിന്നിരുന്നു. ബാങ്കിന് സമീപത്തുള്ള ഫ്‌ളൈ ഓവര്‍ എടുത്ത് ഒട്ടിച്ചുവെച്ചതുപോലെയുള്ള നിലവാരമേ പുലര്‍ത്തിയുള്ളൂ. അതുപോലെ സെറ്റിട്ടതാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ബാങ്കിന്റെയും പരിസരത്തിന്റെയും കാഴ്ചകള്‍.

Content Highlight: similarities between thunivu and money heist

Video Stories