| Saturday, 16th March 2024, 12:31 pm

ഐ.പി.എല്ലിലെ സാമ്യത വുമന്‍സ് പ്രീമിയറിലും ആവര്‍ത്തിച്ച് ആര്‍.സി.ബി

സ്പോര്‍ട്സ് ഡെസ്‌ക്

വുമന്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനില്‍ ഫൈനലിലെത്തിയിരിക്കുകയാണ് സ്മൃതി മന്ഥാന നയിക്കുന്ന റോയല്‍ ചലഞ്ചോഴസ് ബെംഗളുരു. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തകര്‍ത്താണ് ആര്‍.സി.ബി ഫൈനല്‍ പ്രവേശനം നടത്തിയത്. എല്ലിസ് പെറിയുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് ബെംഗളുരു നേടിയത്. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ 130 റണ്‍സില്‍ സ്മൃതിയും കൂട്ടരും ഒതുക്കി ഫൈനലിലേക്ക് പ്രവേശിച്ചു.

വുമന്‍സ് പ്രീമിയര്‍ ലീഗില്‍ ടീമിന്റെ ആദ്യ ഫൈനലാണിത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച ആര്‍.സി.ബിയുടെ പുരുഷ ടീമും വനിതാ ടീമും തമ്മിലുള്ള സാമ്യതയെപ്പറ്റിയാണ്.

2008ല്‍ ആദ്യ ഐ.പി.എല്‍ എഡിഷനില്‍ പോയിന്റ് ടേബിളിന്റെ അടിയില്‍ രണ്ടാമാതായാണ് ആര്‍.സി.ബി ഫിനിഷ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ടീം ഫൈനലിസ്റ്റുകളായി. വുമന്‍സ് പ്രീമിയര്‍ ലീഗിലും ആദ്യ എഡിഷനില്‍ അവസാന രണ്ടില്‍ ഫിനിഷ് ചെയ്ത ടീം ഈ വര്‍ഷം ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. പുരുഷ ടീമും വനിതാ ടീമും ഇത്ര സാമ്യതയാണെന്നാണ് ഫാന്‍സ് പറയുന്നത്.

2009 ഐ.പി.എല്ലില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സായിരുന്നു (ഡി.സി) ബാംഗ്ലൂരിന്റെ എതിരാളികള്‍. ആറ് റണ്‍സിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയിരുന്നു. വുമന്‍സ് ടീമിന്റെ എതിരാളികളും മറ്റൊരു ഡി.സി (ദല്‍ഹി ക്യാപ്പിറ്റല്‍സ്) ആണെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. എന്തായാലും 16 വര്‍ഷമായി കിരീടം സ്വപ്‌നം കാണുന്ന ഫ്രാഞ്ചൈസിന്റെ കിരീട വരള്‍ച്ച ഈ വര്‍ഷം അവസാനിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഞായറാഴ്ച ദല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക. കിരീടമില്ലാത്ത രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരം ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Content Highlight: Similarities between RCB men’s and women’s team

We use cookies to give you the best possible experience. Learn more