ടി-20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. 2010ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ടി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.
വെസ്റ്റ് ഇന്‍ഡീസിന് ശേഷം രണ്ട് തവണ കിരീടം നേടുന്ന ടീം എന്ന റെക്കോഡും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അന്ന് ഇംഗ്ലണ്ടിന് കിരീടം നഷ്ടപ്പെടാന്‍ കാരണക്കാരന്‍ എന്ന് ആരാധകര്‍ വിധിച്ച അതേ ബെന്‍ സ്റ്റോക്‌സിന്റെ അപരാജിത പ്രകടനമായിരുന്നു ഇന്ന് മെല്‍ബണില്‍ ടീമിന് തുണയായത്.
തുടര്‍ച്ചയായ രണ്ടാം ഐ.സി.സി ലോകകപ്പ് കിരീടമാണ് ഇംഗ്ലണ്ടിനെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇത്തവണ ജോസ് ബട്‌ലറിന്റെ ചിറകിലേറി ടി-20 ലോകകപ്പും സ്വന്തമാക്കി.
ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത എം.എസ്. ധോണിയുമായി ബട്‌ലറിന്റെ ഈ കിരീടനേട്ടം ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നതാണ്. കാരണം ഇക്കാര്യത്തില്‍ അവര്‍ തമ്മിലുള്ള സാമ്യതകള്‍ വളരെ വലുതാണ്.
എന്നാല്‍ ഇത് മാത്രമല്ല ഇവര്‍ തമ്മിലുള്ള സാമ്യതകള്‍. ക്യാപ്റ്റന്റെ റോളിലെത്തിയ ശേഷം ഇരുവരും ടീമിന് നേടിക്കൊടുക്കുന്ന ആദ്യ കിരീടമാണിത്. ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചാണ് ഇരുവരും ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയത് എന്ന പ്രത്യേകതയും ഫൈനല്‍ മത്സരത്തിനുണ്ടായിരുന്നു.
2007ലെ ഇന്ത്യ – പാക് ഫൈനലിലും 2022ലെ ഇംഗ്ലണ്ട് – പാക് ഫൈനലിലും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച താരത്തിനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് എന്നതും ഈ രണ്ട് കലാശപ്പോരാട്ടങ്ങളുടെയും പ്രത്യേകതയായി പറയാം.
2007ല്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്‍ കളിയിലെ താരമായപ്പോള്‍ 2022ല്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴത്തിയ സാം കറന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
അതേസമയം, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസവും ഷാന്‍ മസൂദുമായിരുന്നു പാക് നിരയില്‍ പിടിച്ചുനിന്നത്. ബാബര്‍ 32ഉം ഷാന്‍ മസൂദ് 38 റണ്‍സുമെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും ഇന്നിങ്സിന്റെ കരുത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Similarities Between MS Dhoni and Jos Buttler