മാമന്നന്‍ തേവര്‍ മകനുള്ള മറുപടിയാവുന്നത് എങ്ങനെ?
Film News
മാമന്നന്‍ തേവര്‍ മകനുള്ള മറുപടിയാവുന്നത് എങ്ങനെ?
അമൃത ടി. സുരേഷ്
Friday, 7th July 2023, 5:20 pm

ഒരു മാരി സെല്‍വരാജ് ചിത്രം എന്നതിനപ്പുറം മാമന്നന്‍ റിലീസിന് മുന്നേ തന്നെ ചര്‍ച്ചയായിരുന്നു. കമല്‍ ഹാസന്‍ ചിത്രം തേവര്‍ മകനുമായി ബന്ധിപ്പിച്ച് മാരി നടത്തിയ പരാമര്‍ശങ്ങളാണ് മാമന്നനെ ചര്‍ച്ചയിലേക്ക് ഉയര്‍ത്തിയത്.
ഇന്ത്യന്‍ സിനിമാ ലോകം മാസ്റ്റര്‍ ക്ലാസായി കാണുന്ന ചിത്രമാണ് തേവര്‍ മകന്‍. സിനിമ ആഗ്രഹിക്കുന്നവര്‍ തേവര്‍ മകന്‍ പഠന വിധേയമാക്കണമെന്ന് മുതിര്‍ന്ന സിനിമാക്കാര്‍ ഇന്നും പറയാറുണ്ട്.

തേവര്‍ മകനുള്ള മാരി സെല്‍വരാജിന്റെ മറുപടിയാണ് മാമന്നന്‍. ശിവാജി ഗണേശന്‍ അവതരിപ്പിച്ച പെരിയ തേവരെ ദൈവമായി കാണുന്ന നാട്ടുകാര്‍. തേവരുടെ കാലടി മണ്ണിനെ പോട്രി പാടടി പെണ്ണേ എന്നാണ് ചിത്രത്തിലെ സ്ത്രീകള്‍ പാടുന്നത്. ആ അധികാരവും പവറും ചിന്ന തേവരായ മകന്‍ ശക്തിവേലിലേക്കാണ് കൈമാറുന്നത്. തേവര്‍ക്ക് വിധേയപ്പെട്ട് നില്‍ക്കുന്ന പണിക്കാരനായ ഇസക്കി എന്ന കഥാപാത്രത്തെയാണ് തേവര്‍ മകനില്‍ വടിവേലു അവതരിപ്പിച്ചത്. ആ ഇസക്കിയാണ് മാമന്നനിലെ നായകന്‍.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

തേവര്‍ മകന്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെ പറ്റി മാരി തന്നെ സംസാരിക്കുന്നത് നോക്കാം. ‘മാമന്നന്‍ എന്ന ചിത്രം ഉണ്ടാകാനുള്ള ഒരു കാരണം തേവര്‍ മകനാണ്. പരിയേറും പെരുമാളും കര്‍ണനും എഴുതുന്നതിന് മുമ്പ് ഞാന്‍ തേവര്‍ മകന്‍ കണ്ടിരുന്നു. കാരണം അത് മാസ്റ്റര്‍ ക്ലാസ് ചിത്രമായാണ് കരുതപ്പെടുന്നത്.

എന്നാല്‍ തേവര്‍ മകന്‍ എന്നില്‍ ഒരു നെഗറ്റീവ് ഇംപാക്റ്റും ഉണ്ടാക്കി. ഈ സിനിമ എവിടെയാണ് ശരിയാവുന്നത്, എവിടെയാണ് തെറ്റാകുന്നതെന്ന് എനിക്ക് മനസിലായില്ല. തേവര്‍ മകന്‍ കണ്ടതിന് ശേഷമുണ്ടായ നെഗറ്റീവും പോസിറ്റീവുമായ വികാരങ്ങളില്‍ നിന്നുമാണ് മാമന്നന്‍ ഉണ്ടായത്,’ മാരി പറഞ്ഞു.

തേവര്‍ മകനില്‍ നിന്നുമുള്ള റീ ഇമാജിനേഷനാണ് മാമന്നന്‍. കീഴാളനായ തന്റെ പിതാവിനെയാണ് മാരി മാമന്നനിലെ നായകനായി സങ്കല്‍പിച്ചത്.

ഒറ്റ നോട്ടത്തില്‍ ഒരു കുടുംബത്തിലെ തര്‍ക്കം ചോരക്കളിയിലേക്ക് മാറുന്നതിന്റേയും അതിന്റെ അനന്തര ഫലത്തിന്റെ ഭീകരാവസ്ഥയുമാണ് തേവര്‍ മകന്‍ പറയുന്നതെന്ന് തോന്നാം. എന്നാല്‍ ജാതീയ വിവേചനത്തിന്റെ എല്ലാ ക്രൂരതകളും തരംതാഴ്ത്തലുകളും അനുഭവിച്ച മാരിയുടെ കണ്ണിലാദ്യം പെട്ടത് ഇസക്കി എന്ന കീഴാള ജാതിക്കാരനാണ്. തേവരുടെ മുന്നില്‍ വിധേയപ്പെട്ട് നില്‍ക്കുന്ന വിശ്വസ്തനായ പണിക്കാരനാണ് ഇസക്കി. തേവര്‍ക്കായി ഒരു കൈ നഷ്ടപ്പെട്ടുപോയിട്ടും അതൊന്നും അയാളെ ബാധിക്കുന്നില്ല.

ഈ വിധേയത്വ മനോഭാവത്തില്‍ നിന്നും ആത്മാഭിനമുള്ള മാമന്നനായി ഇസക്കിയെ മാറ്റുകയാണ് മാരി സെല്‍വരാജ്. തേവരുടെ കാലടിയിലായിരിക്കണം എന്ന് വിചാരിക്കുന്ന കീഴാളനും വ്യക്തിത്വമുണ്ടെന്നാണ് ആദ്യ ചിത്രമായ പരിയേറും പെരുമാള്‍ മുതല്‍ മാരി പറഞ്ഞുവെച്ചത്.

മാമന്നന്‍ പ്രത്യക്ഷത്തില്‍ തന്നെ തേവര്‍ മകനുള്ള മറുപടിയാവുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ ഇത് കാണാനാവും. പെരിയ തേവര്‍ നില്‍ക്കുകയും മകന്‍ ശക്തിവേല്‍ തേവര്‍ നില്‍ക്കുകയുമാണ് തേവര്‍ മകന്റ് പോസ്റ്ററില്‍. മാമന്നന്റെ ഫസ്റ്റ് ലുക്കില്‍ മാമന്നനും മകന്‍ അതിവീരനും ഇരിക്കുകയാണ്. അവിടെ അധികാരത്തിന്റേയോ സ്ഥാനത്തിന്റേയോ വേര്‍തിരിവുകളുണ്ടാകുന്നില്ല. ഈ ഇരിപ്പ് ഒരു പ്രധാന രാഷ്ട്രീയം തന്നെയാവുന്നുണ്ട് മാമന്നനില്‍. വീട്ടില്‍ വരുന്ന മകന്റെ സുഹൃത്തുക്കളോടുള്‍പ്പെടെ ആരുടെ മുന്നിലും ഇരുന്ന് സംസാരിക്കണമെന്നാണ് മാമന്നന്‍ പറയുന്നത്. എന്നാല്‍ ആ ആശയം സവര്‍ണനായ നേതാവിന്റെ വീട്ടിലെത്തുമ്പോള്‍ മാമന്നന് നടപ്പിലാക്കാനാവുന്നില്ല. ആജീവനാന്തകാലം അവരുടെ മുമ്പില്‍ അദ്ദേഹം നിന്നുകൊണ്ടാണ് സംസാരിച്ചത്. സവര്‍ണനായ രത്‌നവേലിന്റെ മുന്നില്‍ മാമന്നന്‍ ഇരിക്കുന്നതാണ് ചിത്രത്തിലെ ഏറ്റവും ശക്തമായ രംഗം.

വില്ലനായ രത്‌നവേലിനെ ശ്രദ്ധിക്കുക. പെരിയ തേവരേയും ചിന്ന തേവരേയും അനുസ്മരിപ്പിക്കും വിധം കൊമ്പന്‍ മീശയാണ് അയാള്‍ വെച്ചിരിക്കുന്നത്. തേവര്‍ മകനിലെ അധികാരത്തിന്റെയും രാജകീയതയുടേയും അടയാളമായി ഒരു കുതിരയെ കാണാം. ശക്തിവേല്‍ അതിനെ ഓടിക്കുന്നുമുണ്ട്. മാമന്നനില്‍ അപമാനിതനായ രത്‌നവേലിന്റെ മാനസിക വിക്ഷോപത്തെ മാരി അവതരിപ്പിക്കുന്നത് കുതിരപ്പുറത്തേറി അയാള്‍ നടക്കുന്ന ഫ്രെയ്മിലൂടെയാണ്. ഇത്തരത്തില്‍ പല വിധത്തില്‍ തേവര്‍ മകനുള്ള മറുപടിയാവുന്നുണ്ട് മാമന്നന്‍.

Content Highlight: similarities between maamannan and thevar magan

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.