| Sunday, 13th March 2022, 3:42 pm

പഴയ എഡ്ഡിക്കും ബിലാലിനും മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഏത് കോളനിയാടാ കൊച്ചിയിലുള്ളത്; അജാസിനെ വിളിക്കേണ്ടാ; ഒറ്റ ഡയലോഗിലുണ്ട് അജാസും എഡ്ഡിയുമെന്താണെന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രം വലിയ വിജയമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഭീഷ്മ പര്‍വ്വത്തിന്റെ കഥ മഹാഭാരതം റെഫറന്‍സാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ വന്ന് കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളായി താരതമ്യം ചെയ്തിരുന്നു.

ഭീഷ്മയില്‍ മമ്മൂട്ടിക്കൊപ്പം തന്നെ കട്ടക്ക് നിന്ന കഥാപാത്രങ്ങളാണ് സൗബിന്റെ അജാസും ഷൈന്‍ ടോം ചാക്കോയുടെ പീറ്ററും.

സൗബിന്റെ അജാസ് അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിലെ മറ്റൊരു ചിത്രമായ ബിഗ് ബിയില്‍ മനോജ് കെ. ജയന്‍ ചെയ്ത എഡ്ഡിയുമായി ചേര്‍ത്ത് വായിക്കാം. ബിഗ് ബിയിലെ എഡ്ഡിയെ ഭീഷ്മയില്‍ അജാസായിട്ടാണ് തിരക്കഥാകൃത്ത് കൊണ്ടുവരുന്നത്.

മാനറിസം കൊണ്ടും സംഭാഷണം കൊണ്ടുമെല്ലാം അജാസിലൂടെ എഡ്ഡിയെ തിരിച്ചുകൊണ്ടുവരികയാണ് ഭീഷ്മയില്‍.

ബിഗ് ബിയില്‍ മമ്മൂട്ടി എഡ്ഡിയോട് പറയുന്നൊരു ഡയലോഗാണ് ‘പഴയ എഡ്ഡിക്കും ബിലാലിനും മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഏത് കോളനിയാടാ കൊച്ചിയിലുള്ളത്,’ എന്ന്.

ഇവിടെ അത്ര നേരവുമില്ലാത്ത ഒരു പവര്‍ എഡ്ഡിക്ക് കൊടുക്കാന്‍ ആ ഡയലോഗിനാവുന്നുണ്ട്. ഭീഷ്മയിലേക്ക് വരുമ്പോള്‍ സൂസന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പോവുമ്പോള്‍ പിള്ളേരെ വിളിക്കെന്ന് പറയുന്ന മൈക്കിള്‍ അജാസിനെ വിളിക്കേണ്ടാ എന്ന നിര്‍ദേശം ശിവന്‍കുട്ടിക്ക് നല്‍കുന്നുണ്ട്. ഇവിടെയും ബിഗ് ബിയില്‍ കാണിച്ച അതേ ടെക്‌നികാണ് ഉപയോഗിക്കുന്നത്.

ഈ രണ്ട് ഡയലോഗുകള്‍ മതി അജാസ് എന്താണെന്നും എഡ്ഡി എന്താണെന്നും മനസിലാക്കാന്‍.

ഭീഷ്മയുടെ തുടക്കത്തില്‍ എഡ്ഡിയെ പോലെ തന്നെ ഒതുങ്ങി കൂടുന്ന ഒരാളായാണ് അജാസിനേയും കാണിക്കുന്നത്. അജാസിന്റെ ട്രാന്‍സിഷന്‍ ആരും അത്ര പ്രതീക്ഷിച്ചിരുന്ന ഒന്നല്ല. ശ്രീനാഥ് ഭാസി ചെയ്ത അമിയുടെ മരണത്തോടെ പിന്നെ നമ്മള്‍ കാണുന്നത് പുതിയൊരു അജാസിനെയാണ്.

ബിഗ് ബിയില്‍ ഒരിക്കലും പഴയ എഡ്ഡിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ റിവീല്‍ ചെയ്യുന്നില്ല. എന്നാലും പഴയ എഡ്ഡി എന്തായിരുന്നുവെന്ന് മനസിലാക്കാന്‍ ചില ഡയലോഗുകള്‍ മതിയായിരുന്നു.

കൊവിഡ് കാലത്തിനു ശേഷം തിയേറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം വന്‍ഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.


Content Highlights: Similarities between Ajas and Eddy in Bheeshma parvam and Big B

We use cookies to give you the best possible experience. Learn more