ഇത് മായയോ മന്ത്രമോ മായാജാലമോ? ഡബ്ല്യൂ.പി.എല്ലിലും ഐ.പി.എല്ലിലും നടന്നത് ഒരേ ഫൈനല്‍!
IPL
ഇത് മായയോ മന്ത്രമോ മായാജാലമോ? ഡബ്ല്യൂ.പി.എല്ലിലും ഐ.പി.എല്ലിലും നടന്നത് ഒരേ ഫൈനല്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 4:25 pm

കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപോക് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2024ന്റെ ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പുയര്‍ത്തിയിരുന്നു. എട്ട് വിക്കറ്റും 57 പന്തും ശേഷിക്കവെയായിരുന്നു ഓറഞ്ച് ആര്‍മിയെ ചിത്രത്തില്‍ പോലും ഇല്ലാതാക്കി നൈറ്റ് റൈഡേഴ്സ് കപ്പുയര്‍ത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടമാണ്. 2012ലും 2014ലുമാണ് കെ.കെ.ആര്‍ ഇതിന് മുമ്പ് കിരീടമണിഞ്ഞത്.

മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈഴേസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ തുടക്കം മുതല്‍ തിരിച്ചടികള്‍ മാത്രമായിരുന്നു സീസണിലെ ഏറ്റവും ഡോമിനന്റ് ടീമിന് നേരിടേണ്ടി വന്നത്.

സണ്‍റൈസേഴ്‌സിന്റെ കരുത്തെന്ന് വിശേഷിപ്പിക്കപ്പെട്ട ബാറ്റിങ് യൂണിറ്റ് പാടെ തകര്‍ന്നടിഞ്ഞു. കൊല്‍ക്കത്തയുടെ ബൗളിങ് കരുത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാകാതെ സണ്‍റൈസേഴ്‌സ് വീണു.

18.3 ഓവറില്‍ വെറും 113 റണ്‍സിന് സണ്‍റൈസേഴ്‌സ് ഓള്‍ ഔട്ടായി. 24 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഉയര്‍ന്ന റണ്‍ ഗെറ്റര്‍.

കൊല്‍ക്കത്തക്കായി ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീതം നേടി. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 11ാം ഓവറിലെ മൂന്നാം പന്തില്‍ വിജയം സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ നേരത്തെ നടന്ന വനിതാ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ മത്സരവുമായുള്ള അസാധാരണമായ യാദൃശ്ചികതയാണ് ചര്‍ച്ചയാകുന്നത്.

ഡബ്ല്യൂ.പി.എല്‍ ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സാണ് കപ്പുയര്‍ത്തിയത്.

 

ഐ.പി.എല്‍ ഫൈനല്‍ 2024

– ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ vs ഇന്ത്യന്‍ ക്യാപ്റ്റന്‍ (പാറ്റ് കമ്മിന്‍സ് vs ശ്രേയസ് അയ്യര്‍)

– ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

– ആദ്യം ബാറ്റ് ചെയ്ത ടീം 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി.

– ഇന്ത്യന്‍ ക്യാപ്റ്റന്റെ ടീം എട്ട് വിക്കറ്റിന് വിജയിച്ചു.

– പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കുപ്പെട്ടത് ഓസീസ് താരം (മിച്ചല്‍ സ്റ്റാര്‍ക്)

 

ഡബ്ല്യൂ.പി.എല്‍ ഫൈനല്‍ 2024

– ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ vs ഇന്ത്യന്‍ ക്യാപ്റ്റന്‍ (മെഗ് ലാന്നിങ് vs സ്മൃതി മന്ഥാന)

– ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

– ആദ്യം ബാറ്റ് ചെയ്ത ടീം 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി.

– ഇന്ത്യന്‍ ക്യാപ്റ്റന്റെ ടീം എട്ട് വിക്കറ്റിന് വിജയിച്ചു.

– പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കുപ്പെട്ടത് ഓസീസ് താരം (സോഫി മോളിനക്‌സ്)

 

Content Highlight: Similarities between 2024 IPL Final and 2024 WPL Final