2022 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി പാകിസ്ഥാന്‍. സിഡ്‌നിയില്‍ വെച്ച് നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 152 റണ്‍സായിരുന്നു നേടിയത്. സൂപ്പര്‍ താരം ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സായിരുന്നു ന്യൂസിലാന്‍ഡിന് തുണയായത്.
35 പന്തില്‍ നിന്നും പുറത്താവാതെ 53 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്. എന്നാല്‍ ഫോര്‍മാറ്റ് മറന്ന കളിയായിരുന്നു ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തെടുത്തത്. 42 പന്തില്‍ നിന്നും 46 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്.
നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രിദിയാണ് പാകിസ്ഥാനായി തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസം ലക്ഷ്യം ഭേദിക്കുകയായിരുന്നു. 2022 ലോകകപ്പില്‍ ആദ്യമായി പാക് നായകന്‍ ബാബര്‍ അസം തിളങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. 42 പന്തില്‍ നിന്നും 53 റണ്‍സാണ് ബാബര്‍ നേടിയത്.
സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ നിന്നും 43 പന്തില്‍ നിന്നും 57 റണ്‍സും സ്വന്തമാക്കി. മൂന്നാമനായി കളത്തിലിറങ്ങിയ മുഹമ്മദ് ഹാരിസ് 26 പന്തില്‍ നിന്നും 30 നേടി പാക് വിജയം സുനിശ്ചിതമാക്കി.
2007 ടി-20 ലോകകപ്പിന് സമാനമായാണ് പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. 2007ല്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്‍ ഫൈനലില്‍ കടന്നത്.
2007 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയും കിവീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പാകിസ്ഥാന്‍ മറികടക്കുകയുമായിരുന്നു.
2007ല്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ആറ് വിക്കറ്റും ഏഴ് പന്തും ബാക്കി നില്‍ക്കവെ ഷോയിബ് മാലിക്കിന്റെ നേതൃത്വത്തിലിറങ്ങിയ പാക് പട വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
അന്ന് ന്യൂസിലാന്‍ഡിനായി അഞ്ചാമനായി ഇറങ്ങിയ റോസ് ടെയ്‌ലര്‍ ടോപ് സ്‌കോററായപ്പോള്‍ ഇന്ന് അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഡാരില്‍ മിച്ചലാണ് ബ്ലാക് ക്യാപ്‌സിന്റെ ടോപ് സ്‌കോററായത്.
2007ല്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ ആറ് റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ പിറന്നപ്പോള്‍ 2022ലും ന്യൂസിലാന്‍ഡ് എക്‌സ്ട്രാ ഇനത്തില്‍ ആറ് റണ്‍സ് സ്വന്തമാക്കി.
2007ലെ മറ്റൊരു സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആര്‍ച്ച് റൈവല്‍സായ ഓസ്‌ട്രേലിയയെ തോല്‍പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഫൈനലില്‍ കടന്നത്. ഈ വര്‍ഷം ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ 2007ന്റെ കോപ്പിക്യാറ്റ് തന്നെയായിരിക്കും 2022ലും സംഭവിക്കുക.
Content Highlight: Similarities between 2022 and 2007 semi final matches