സിഡ്‌നി ലൂമെറ്റ് സംവിധാനം ചെയ്ത് 1957ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 12 ആംഗ്രി മെന്‍. വെറും 96 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ആദ്യത്തെ മൂന്ന് മിനിറ്റ് ഒഴികെ ബാക്കി മുഴുവന്‍ ഒരു മുറിക്കുള്ളിലെ കാഴ്ചകള്‍ മാത്രമാണ്. അച്ഛനെ കൊന്ന കേസില്‍ ഒരു 18 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിക്കുന്നു. ഇരുഭാഗത്തിന്റെയും ന്യായവാദങ്ങള്‍ കേട്ട ജഡ്ജി അന്തിമ തീരുമാനത്തിനായി ഒരു ജൂറി മീറ്റിങിന് വിട്ടുകൊടുക്കുന്നു. വ്യത്യസ്ത സ്വഭാവക്കാരായ 12 ജൂറി അംഗങ്ങള്‍ ഒരു മുറിയില്‍ മീറ്റിങിനായി ഇരിക്കുന്നു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ മാത്രമാണ് സിനിമ പിന്നീട് മുന്നോട്ടു പോവുന്നത്. ചിത്രം ഒരു ഘട്ടം പിന്നിടുമ്പോള്‍ ആ മുറിയിലെ പതിമൂന്നാമനായി നമ്മളും അവിടെയുണ്ടെന്ന് തോന്നിപ്പിക്കുന്നുണ്ട്. ആ കാരണം തന്നെയാണ് സംഭാഷണങ്ങളിലൂടെ മാത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന 12 ആംഗ്രി മെനിനെ ലോകം കണ്ട ഏറ്റവും മികച്ച ക്ലാസിക്കുകളിലെന്നായി മാറ്റുന്നത്.
ഇപ്പോള്‍ വീണ്ടും 12 ആംഗ്രി മെന്‍ സിനിമാചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന ചിത്രം 12 ആംഗ്രി മെനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോ എന്നതാണ് വിഷയം. കഴിഞ്ഞ ദിവസം ആട്ടം തിയറ്ററുകളിലെത്തിയിരുന്നു. രണ്ട് സിനിമകളും തമ്മില്‍ സാമ്യമുണ്ടോ എന്ന് പരിശോധിക്കാം.
അരങ്ങ് എന്ന നാടകഗ്രൂപ്പിലെ അംഗത്തിന് മറ്റൊരു അംഗത്തില്‍ നിന്ന് മോശം അനുഭവം നേരിടുകയും അതിനെപ്പറ്റിയുള്ള ചര്‍ച്ചയിലൂടെയുമാണ് കഥ വികസിക്കുന്നത്. പരിമിതമായ ലൊക്കേഷനുകളാണ് ചിത്രത്തിലുള്ളത്. സംഭാഷണങ്ങളിലൂടെയാണ് ആട്ടവും മുന്നോട്ടുപോവുന്നത്. സമൂഹത്തില്‍ വിവിധ തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന പലതരം സ്വഭാവങ്ങളും ചിന്താഗതികളുമുള്ളവരാണ് അരങ്ങിലെ അംഗങ്ങള്‍. ഗ്രൂപ്പില്‍ ഉടലെടുത്ത പ്രശ്‌നത്തിന് ഓരോരുത്തരും പറയുന്ന കാരണങ്ങളും അവരുടെ അഭിപ്രായങ്ങളും അവരുടെ സ്വഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നു.
12 ആംഗ്രി മെനിലും ഇതേ രീതി നമുക്ക് കാണാനാകും. സമൂഹത്തിലെ വിവിധതരം ജോലികള്‍ ചെയ്യുന്ന ആളുകളാണ് 12 ജൂറികളും. കേസിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തില്‍ ആ സ്വഭാവം നിഴലിക്കുന്നത് നമുക്ക് കാണാനാകും.
12 ആംഗ്രി മെനില്‍ 11 പേര്‍ക്കും ആദ്യം മുതല്‍ക്ക് തന്നെ ഒരേ അഭിപ്രായം തന്നെയാണ്. എന്നാല്‍ ആട്ടത്തിലേക്ക് എത്തുമ്പോള്‍ സ്വന്തം ഉന്നമനത്തിനായി തീരുമാനങ്ങള്‍ മാറ്റുന്ന സ്വാര്‍ത്ഥരായ മനുഷ്യരെയാണ് കാണാന്‍ സാധിക്കുന്നത്.
ആട്ടത്തെ 12 ആംഗ്രി മെനില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് കഥാപാത്രങ്ങളുടെ ഉദ്ദേശങ്ങള്‍ കൊണ്ടുകൂടിയാണ്. ഇരുപക്ഷത്തും നില്‍ക്കുവാന്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങളുണ്ട്. നിഷ്പക്ഷരായി നില്‍ക്കുന്നവരെ വിമര്‍ശിക്കുന്നുമുണ്ട്.
28ാമത് ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിച്ച ആട്ടത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത് റോയ് നിര്‍മ്മിച്ച ആട്ടത്തില്‍ വിനയ് ഫോര്‍ട്ട്, സറിന്‍ ഷിഹാബ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇവരെക്കൂടാതെ നന്ദന്‍ ഉണ്ണി, സിജിന്‍ സിജീഷ്, സനോഷ് മുരളീധരന്‍, സുധീര്‍ ബാബു എന്നിവരും സിനിമയിലുണ്ട്.
Content Highlight: Similarities between 12 Angry Men and Aattam