| Thursday, 24th December 2020, 9:16 am

കോഴിക്കോട് ഒന്നര വയസ്സുകാരന് ഷിഗെല്ല; കോട്ടാംപറമ്പിലെ കിണര്‍ വെള്ളത്തില്‍ സമാനമായ ബാക്ടീരിയ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫറോക്ക് കല്ലമ്പാറയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. ഒന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം പുറത്ത് വന്നു. അതേസമയം ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടര്‍ന്നതെന്ന വിവരം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയയെ കണ്ടെത്തിയെന്ന പ്രാഥമിക വിവരങ്ങള്‍ പുറത്ത് വരുന്നത്.

പ്രദേശത്ത് ആരോഗ്യവകുപ്പ് ഇന്ന് വീണ്ടും ഫോളോ അപ് മെഡിക്കല്‍ ക്യാംപ് നടത്തുന്നുണ്ട്.

ഷിഗെല്ല രോഗം ജില്ലയില്‍ നിയന്ത്രണത്തിലാണെന്നാണ് ഡി.എം.ഒ അറിയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച 11 വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്.

കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് പ്രദേശവാസികള്‍ക്കും രോഗം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം ഷിഗെല്ല ബാക്ടീരിയയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Similar bacteria to Shigella found at Kottamparamb, Kozhikode

We use cookies to give you the best possible experience. Learn more