തിരുവനന്തപുരം: സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് സിമിയെ പുറത്താക്കിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റേതാണ് നടപടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജുവാണ് സിമിയെ പുറത്താക്കിയ വിവരം അറിയിച്ചത്.
പാര്‍ട്ടിയില്‍ തഴയാന്‍ ശ്രമിച്ചുവെന്നും തടസപ്പെടുത്തിയെന്നുമാണ് വി.ഡി. സതീശനെതിരെ സിമി ഉയര്‍ത്തിയ പ്രധാന ആരോപണം. കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ തന്നെ അനുകൂലിക്കുന്നു. എന്നാല്‍ സതീശന്‍ തന്നെ അവഗണിക്കുകയാണെന്നായിരുന്നു സിമിയുടെ ആരോപണം.
പി.എസ്.സി കിട്ടിയില്ലേ…ഇനിമുതല്‍ വീട്ടിലിരിക്കാന്‍ സതീശന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി-കെ.പി.സി.സി നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സിമി റോസ്‌ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ പരാതി നല്‍കിയത്.
പാര്‍ട്ടിയോട് ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും കാണിച്ച സിമിറോസ് ബെല്‍ ജോണിനെ അടിയന്തരമായി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തര്‍ എം.പി എന്നിവരാണ് സിമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചത്.
മുന്‍ എ.ഐ.സി.സി-പി.എസ്.സി അംഗമായിരുന്ന നേതാവായിരുന്നു സിമി റോസ്‌ബെല്‍. മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരായ ആരോപണങ്ങള്‍ എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നേരത്തെ തള്ളിയിരുന്നു.
Content Highlight: Simi Rosbel John was expelled from the Congress