| Tuesday, 1st November 2016, 3:35 pm

സിമി ഏറ്റുമുട്ടല്‍ കൊലപാതക വാര്‍ത്ത ആത്മവീര്യം വര്‍ധിപ്പിക്കുന്നു: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

” കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെയും അതത് സംസ്ഥാന സര്‍ക്കാറുകളുടെയും കഴിവിലും ക്ഷമതയിലുമുള്ള ആത്മവിശ്വാസം ഇത് ദൃഢപ്പെടുത്തും.”


ന്യൂദല്‍ഹി: ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത രാഷ്ട്രത്തിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഈ വാര്‍ത്ത രാഷ്ട്രത്തിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്നു. നമ്മള്‍ സുരക്ഷിതരാണ് നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏതു വെല്ലുവിളിയും നേരിടാനുള്ള കഴിവും കപ്പാസിറ്റിയുമുണ്ട് എന്ന ധാരണ സൃഷ്ടിക്കുന്നു.” ജമ്മുവില്‍ വെച്ച് ജിതേന്ദ്ര സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

” കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെയും അതത് സംസ്ഥാന സര്‍ക്കാറുകളുടെയും കഴിവിലും ക്ഷമതയിലുമുള്ള ആത്മവിശ്വാസം ഇത് ദൃഢപ്പെടുത്തും.” അദ്ദേഹം പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലുകളാണെന്ന ആരോപണം ശക്തമാകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു മറുപടി അര്‍ഹിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ” നമ്മള്‍ തെളിവുകളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നതിനാല്‍ ഇത്തരം പ്രതികരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

വ്യക്തമായ സമീപനങ്ങളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ എന്തു തീരുമാനം കൈക്കൊണ്ടാലും അതിന് സുതാര്യതയുണ്ടാവും. അതില്‍ യാതൊരു അവ്യക്തതയുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more