ഭോപ്പാല്‍: സിമി പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റു എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞ മൂന്ന് പോലീസുകാരെയും കാണാനില്ല. പരുക്കേറ്റെന്നു സര്‍ക്കാര്‍ പറയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് പൊലീസും ബന്ധുക്കളും പറയുന്നത്.
സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തില്‍ പൊലീസുകാര്‍ക്ക് വലിയ പരുക്കൊന്നും പറ്റിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഏറ്റുമുട്ടലില്‍ പരുക്കേറ്റെന്നു പറയുന്ന പൊലീസുകാരിലൊരാള്‍ സംഭവം നടന്നതിന്റെ പിറ്റേദിവസവും ജോലിക്കെത്തിയിരുന്നു.
മറ്റൊരു പൊലീസ് ഓഫീസര്‍ സ്വന്തമായി ബൈക്ക് ഓടിച്ചാണ് ആശുപത്രിയിലേക്ക് പോയതെന്നാണ് അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭോപ്പാല്‍ ജയിലില്‍ നിന്നും തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലിനിടെ ഇവര്‍ക്കു പരുക്കേറ്റു എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം ശക്തമാകവെയായിരുന്നു മധ്യപ്രദേശ് പൊലീസ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തുവന്നത്.
“ഇവര്‍ക്ക് കയ്യിലും കാലിലും പരുക്കേറ്റു.” പരുക്കിന്റെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ എസ്.പി അരവിന്ദ് സക്‌സേന പറഞ്ഞത് ഇങ്ങനെയാണ്. പലയാവര്‍ത്തി ആരാഞ്ഞപ്പോഴാണ് പൊലീസ് ഇവരുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറായതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഹെഡ് കോണ്‍സ്റ്റബിള്‍ നാരായണ്‍ സിങ്, ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് ഖാത്രി, മയന്ത് സിങ് എന്നിവര്‍ക്കാണ് പരുക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്.