| Tuesday, 1st November 2016, 3:52 pm

വിചാരണ തടവുകാരുടെ കൊലപാതകം ദേശാഭിമാനമായി ആഘോഷിക്കുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒരു തടവറയിലെ ഇത്രയും വലിയൊരു സുരക്ഷാ വീഴ്ച  പ്രശംസയിലേക്ക് എങ്ങനെ വഴിമാറി?   സെപ്റ്റംബര്‍ ആര്‍മി നടത്തിയ “സര്‍ജിക്കല്‍ സ്‌ട്രൈക്കിനോട്” ഇതിനെ ഉപമിച്ചുകൊണ്ട് യുദ്ധതല്‍പരയായ ആരാധകര്‍ ഈ ഏറ്റുമുട്ടലിനെ ഉടന്‍ തന്നെ ദേശത്തിന്റെ അഭിമാനമുയര്‍ത്തുന്ന ഒരു പരേഡാക്കി മാറ്റി. കുറ്റവാളിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാളുടെ കൊലപാതകം എങ്ങനെയാണ് രാഷ്ട്രം അഭിമാനിക്കേണ്ട വിഷയമാകുന്നത്?



ഒപ്പീനിയന്‍ | ഇപ്‌സിത ചക്രവര്‍ത്തി


നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരായ എട്ടുപേര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടി എന്ന വാര്‍ത്തയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കേട്ടത്. ഒരു കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയശേഷം ജയിലില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജയിലിന്റെ മതില്‍ ചാടിക്കടന്നതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

മണിക്കൂറുകള്‍ക്കുള്ളില്‍ ഭോപ്പാലില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള എയ്ന്റ്‌ഖേദി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഈ എട്ട് “ഭീകരവാദികളും” കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് തടിച്ചുകൂടിയ പ്രദേശവാസികള്‍ “ഭാരത് മാതാ കി ജയ്” എന്നു വിളിക്കുന്നുണ്ടായിരുന്നു എന്നാണ് ഈ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

ഉച്ചയോടെ തീര്‍ത്തും വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പത്രസമ്മേളനമായിരുന്നു ഒന്ന്. “സിമി ഭീകരരെ ഇല്ലാതാക്കിയ കാര്യം” കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു എന്നാണ് ചൗഹാന്‍ പറഞ്ഞത്.

രക്ഷപ്പെട്ട തടവുപുള്ളികളെ കണ്ടെത്താന്‍ സഹായിച്ച ഗ്രാമീണരെയും പോലീസിനെയും ചൗഹാന്‍ അഭിനന്ദിക്കുകയും ചെയ്തു. ഭോപ്പാല്‍ ജയിലിലെ സുരക്ഷാ വീഴ്ചയ്ക്കു കാരണക്കാരായ ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനു വിരുദ്ധമായൊരു കഥ അതിനകം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഈ സംഭവത്തിനു പിന്നില്‍ “വലിയൊരു ഗൂഢാലോചന” ഉണ്ടെന്ന സന്ദേഹം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിങ് രംഗത്തുവന്നു.

ആര്‍.എസ്.എസ് മുസ്‌ലീങ്ങള്‍ക്കെതിരെ കലാപം ആളിക്കത്തിക്കുകയാണെന്നും ഇപ്പോഴത്തെ ഈസംഭവത്തിനു പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കൊപ്പം ചേര്‍ന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അഹമ്മദ് ഉവൈസിയും രംഗത്തുവന്നു. ഈ ജയില്‍ചാട്ടത്തെക്കുറിച്ചും ഏറ്റുമുട്ടലിനെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ രണ്ടു വാദങ്ങള്‍ക്കിടയിലും ചില അസ്ഥിരതകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും നിഗൂഢതകളുമുണ്ട്.

മൂന്ന് ചോദ്യങ്ങള്‍:

ആദ്യത്തേത് സുരക്ഷയുടെ കാര്യമാണ്. ഈ എട്ട് തടവുകാരില്‍ മൂന്നുപേര്‍ 2013ല്‍ ഖന്ദ്വ ജയില്‍ ചാടിയവരാണ്. ഇവരെ അറസ്റ്റു ചെയ്തശേഷം കൂടുതല്‍ സുരക്ഷയുള്ള ഇടമെന്നു പറഞ്ഞ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.

എന്നിട്ടും എന്തുകൊണ്ട് ഈ തടവുകാരെ ഒരേ കോമ്പൗണ്ടിലിട്ടു? 24 മണിക്കൂറും കര്‍ശന നിരീക്ഷമുള്ള ഇത്രയും സുരക്ഷയുള്ള ഒരു ജയിലില്‍ നിന്നും ഇവര്‍ രക്ഷപ്പെടണമെങ്കില്‍ എത്രവലിയ സുരക്ഷാ വീഴ്ചയാണുണ്ടായിട്ടുള്ളത്?

രണ്ടാമത്തേത് അഭിപ്രായവൈരുദ്ധ്യത്തിന്റെ കാര്യമാണ്- സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ കാര്യമല്ല ഇവിടെ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഭരണകൂടത്തിന്റെ ഭാഗമായ വിവിധയാളുകള്‍ പറഞ്ഞ കഥയിലുള്ള അഭിപ്രായ ഭിന്നതകളാണ്.

ജയിലില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞത്. മറ്റ് ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. ഇവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും ഇതേത്തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തതെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാല്‍ ഭോപ്പാല്‍ പൊലീസ് ഓഫീസറായ യോഗേഷ് ചൗധരി പറഞ്ഞത് തടവുപുള്ളികളുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നെന്നും അവര്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തെന്നുമാണ്.

സ്പൂണും പ്ലെയ്റ്റുംകൊണ്ട് ആക്രമിച്ചു എന്ന വാദം സോഷ്യല്‍ മീഡിയകളില്‍ വലിയ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

ഒരു ഇംഗ്ലീഷ് ചാനല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് “സ്ഥിരീകരിക്കപ്പെടാത്ത ഒരു വീഡിയോ” പുറത്തുവിട്ടു. ഈ വീഡിയോ ശരിയാണെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും വെടിവെപ്പുണ്ടായി എന്ന പൊലീസ് ഭാഷ്യത്തെ ഖണ്ഡിക്കുന്നതാണ് ഇതിലെ കാഴ്ചകള്‍. വിചാരണ തടവുകാരായ ഇവരെ തിരിച്ച് ആക്രമിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്ന വാദത്തെയും ഈ വീഡിയോ പിന്തുണയ്ക്കുന്നില്ല.

അര്‍ത്ഥവിചാരവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിലേക്കാണ് ഇത് നയിക്കുന്നത്. വലിയൊരു വിഭാഗം മാധ്യമങ്ങളും സര്‍ക്കാരും വളരെ ആത്മവിശ്വാസത്തോടെ ഈ കൊല്ലപ്പെട്ടവരെ “ഭീകരവാദികള്‍” എന്നു വിളിക്കുന്നു. എന്നാല്‍ മിക്ക മാധ്യമ ഉറവിടങ്ങളും പറയുന്നത് തടവുചാടിയവര്‍ കൊലപാതകം, രാജ്യദ്രോഹം, ബാങ്ക് കവര്‍ച്ച തുടങ്ങിയ കുറ്റംചുമത്തപ്പെട്ട വിചാരണ തടവുകാരാണെന്ന്. എന്നാല്‍ ഇതുവരെ ഇവര്‍ കുറ്റക്കാരാണെന്ന് ഉറപ്പിട്ടിട്ടില്ല.

കൂടുതല്‍ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെങ്കിലും നിലവിലെ റിപ്പോര്‍ട്ടുകളും ഇവരുടെ അഭിഭാഷകന്റെ വാദവും നോക്കുകയാണെങ്കില്‍ ഇവര്‍ക്കെതിരെയുള്ള കേസുകള്‍ക്ക് വലിയ ബലമൊന്നുമില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കേസുകള്‍ ഇവര്‍ക്കനുകൂലമായി അവസാനിക്കുമായിരുന്നവയാണെന്നും അഭിഭാഷകന്‍ അവകാശപ്പെടുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ ബെല്‍റ്റും, ഷൂസും, വാച്ചും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇതെല്ലാം ആരു നല്‍കിയെന്ന സംശയവും സ്വാഭാവികം. വലിയൊരു മിഷനുവേണ്ടി തീവ്രവാദികള്‍ കൊണ്ടുപോവാറുള്ള ഭക്ഷണപ്പൊതിയായ ഉണങ്ങിയ പഴങ്ങളും ഇവര്‍ കരുതിയിരുന്നു എന്നാണ്  പറഞ്ഞു കേള്‍ക്കുന്നത്.

രാഷ്ട്രീയമല്ല; അന്വേഷണം മാത്രം

രാഷ്ട്രീയ സമ്മര്‍ദ്ദമൊന്നുമില്ലാതെയുളള സ്വതന്ത്രമായ ഒരു അന്വേഷണത്തിനു മാത്രമേ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാനാവൂ. പ്രതിസന്ധിയിലാവുന്നത് കുറേക്കൂടി വലിയ വ്യവസ്ഥാപിത പ്രശ്‌നങ്ങളാണ്: വിചാരണയിലിരിക്കുന്ന ഒരാള്‍ക്ക് ഇന്ത്യന്‍ പൊലീസ് എങ്ങനെ ഭീഷണിയാവുന്നു? തടവുകാരെ നിയമവിരുദ്ധമായി കൊലചെയ്യുകയെന്നത് ശിക്ഷിഭയമില്ലാതെ അനുവദനീയമാക്കിയിട്ടുണ്ടോ?

തിങ്കളാഴ്ച രാവിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വളരെപ്പെട്ടെന്ന് ഉയരുന്ന ചോദ്യമിതാണ്: ഒരു തടവറയിലെ ഇത്രയും വലിയൊരു സുരക്ഷാ വീഴ്ച  പ്രശംസയിലേക്ക് എങ്ങനെ വഴിമാറി? കൊല്ലപ്പെട്ടവരെ “ഭീകരവാദികളെന്നു” മുദ്രകുത്താന്‍ കുറച്ചുസമയമേ വേണ്ടിവന്നുള്ളൂ.  സെപ്റ്റംബര്‍ ആര്‍മി നടത്തിയ “സര്‍ജിക്കല്‍ സ്‌ട്രൈക്കിനോട്” ഇതിനെ ഉപമിച്ചുകൊണ്ട് യുദ്ധതല്‍പരയായ ആരാധകര്‍ ഈ ഏറ്റുമുട്ടലിനെ ഉടന്‍ തന്നെ ദേശത്തിന്റെ അഭിമാനമുയര്‍ത്തുന്ന ഒരു പരേഡാക്കി മാറ്റി. കുറ്റവാളിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാളുടെ കൊലപാതകം എങ്ങനെയാണ് രാഷ്ട്രം അഭിമാനിക്കേണ്ട വിഷയമാകുന്നത്?

കടപ്പാട് സ്‌ക്രോള്‍

We use cookies to give you the best possible experience. Learn more