| Thursday, 2nd January 2025, 8:52 am

നോര്‍മലായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്, എല്ലാ സിനിമയിലും അതിന് കഴിയില്ല; ആ ചിത്രത്തില്‍ ഞാന്‍ ഓവര്‍ ആക്ടിങ്: ചിമ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് നാച്ചുറല്‍ ആയി അഭിനയിക്കാണിഷ്ടമെന്ന് പറയുകയാണ് നടന്‍ ചിമ്പു. എന്നാല്‍ എല്ലാ സിനിമയിലും നോര്‍മലായി അഭിനയിക്കാന്‍ കഴിയില്ലെന്നും ‘ശരവണ’ എന്ന ചിത്രത്തിലെല്ലാം താന്‍ ഓവര്‍ ആക്റ്റിങ്ങാണ് ചെയ്തതെന്നും ചിമ്പു പറഞ്ഞു. ചില സിനിമകള്‍ ഓവര്‍ ആയി അഭിനയിക്കേണ്ടി വരുമെന്നും എന്നാല്‍ ഗൗതം വാസുദേവ് മേനോന്റെ കൂടെയുള്ള സിനിമകളില്‍ തനിക്ക് താനായി തന്നെ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്സാജുറേറ്റ് ചെയ്ത് അഭിനയിച്ചാല്‍ മാത്രമാണ് അത് അഭിനയമായി ആളുകള്‍ കണക്കാക്കുന്നതെന്നും എന്നാല്‍ റിയലായിട്ട് അഭിനയിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നും ചിമ്പു പറഞ്ഞു. അഭിനയിക്കാതെ അഭിനയിക്കണം എന്ന കോണ്‍സെപ്റ്റിലാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ ഗൗതമിനെ പോലെയുള്ള വളരെ കുറച്ച് സംവിധായകരുടെ കൂടെ മാത്രമാണ് അതിന് കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിമ്പു.

‘സിനിമ അഭിനയം എന്ന ടാഗ് ഇല്ലാതെ നോര്‍മലായി അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാ സിനിമയിലും നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയില്ല. ഞാന്‍ ‘ശരവണ’ എന്നൊരു ചിത്രം ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ഓവര്‍ ആക്ടിങ് ആണ്. ചില സിനിമകളില്‍ നിങ്ങള്‍ക്ക് ഓവര്‍ ആക്ടിങ് ചെയ്യേണ്ടതായി വരും.

എന്നാല്‍ ഗൗതമിന്റെ (ഗൗതം വാസുദേവ് മേനോന്‍) കൂടെ ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എനിക്ക് നോര്‍മലായി അഭിനയിക്കാം. സിനിമക്ക് വേണ്ടി എന്ന തോന്നലില്ലാതെ സാധാരണ ഞാന്‍ എങ്ങനെ ആണോ അതുപോലെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയും. നാച്ചുറല്‍ ആയി അഭിനയിക്കുന്നത് വളരെ കഷ്ടമുള്ള കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നോ ഇല്ലയോ എന്നെനിക്ക് അറിയില്ല. പക്ഷെ കുറച്ച് എക്സാജുറേറ്റ് ചെയ്ത് അഭിനയിച്ചാല്‍ അത് വളരെ നല്ല ആക്ടിങ് ആണെന്ന് പറയും. നിങ്ങള്‍ ശരിക്കുമുള്ള അഭിനേതാക്കളോട് ചോദിക്കുകയാണെങ്കില്‍ റിയല്‍ ആയിട്ട് അഭിനയിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് പറയും. ക്യാമറ വെച്ച ഉടനെ വാവിട്ട് കരയാണെല്ലാം പറ്റും. എന്നാല്‍ നാച്ചുറല്‍ ആയി അഭിനയിക്കാനാണ് ബുദ്ധിമുട്ട്.

വെള്ളം പോലെ ഒഴുകാന്‍ അഭിനേതാക്കള്‍ക്ക് കഴിയണമെന്ന് ബ്രൂസ്‌ ലീ പറയാറുണ്ട്. അഭിനയിക്കണം എന്നാല്‍ അഭിനയമാണെന്ന് മനസിലാക്കരുത്. ആ കോണ്‍സെപ്റ്റിലാണ് ഞാന്‍ വിശ്വസിക്കുന്നത്. വളരെ കുറച്ച് സംവിധായകരുടെ കൂടെ മാത്രമാണ് നിങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് ഗൗതമിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് അതിന് കഴിയും,’ ചിമ്പു പറയുന്നു.

Content Highlight: Simbu Says He Likes  To Act Naturally

We use cookies to give you the best possible experience. Learn more