തിരുവനന്തപുരം: നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ വേഗ റെയില്‍പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന് ദക്ഷിണ റെയില്‍വേ. വിശദമായ പദ്ധതി രൂപ രേഖ തയ്യാറാക്കണമെന്നും പഴയത് പുതുക്കണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെടുന്നു.
എറണാകുളം-കാസര്‍കോട് ഭാഗത്തെ അലൈന്‍മെന്റിലാണു മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. റെയില്‍വേ ചട്ടങ്ങള്‍ പാലിക്കാത്ത നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്നും കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനു (കെ-റെയില്‍) നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
എറണാകുളം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള ഇരട്ടപ്പാതയുടെ പടിഞ്ഞാറു ഭാഗത്തു മൂന്നാം പാതയ്ക്ക് അനുമതിയായിട്ടുണ്ട്. നാലാം പാതയും ഭാവിയില്‍ നിര്‍മ്മിക്കേണ്ടിവരും. ഇവയ്ക്കു സ്ഥലം ലഭിക്കുന്ന രീതിയില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് പുതുക്കണം.
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം സില്‍വര്‍ലൈന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഭൂമി ലഭ്യമല്ല.
തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതയ്ക്കു സമാന്തരമായി വേഗപാത നിര്‍മിക്കുമ്പോള്‍ പുതിയ 2 പാതകള്‍ക്കുള്ള സ്ഥലം ഒഴിച്ചിടണം.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന കാലാവധിയില്‍ പദ്ധതി പൂര്‍ത്തിയാക്കുക അപ്രാപ്യമാണെന്നും അതിനാല്‍ യാഥാര്‍ഥ്യബോധത്തോടെ പുതുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അനുകൂലവും പ്രതികൂലവുമായ ശുപാര്‍ശകളുണ്ട്. സംശയങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് കെ-റെയില്‍ എം.ഡി വി.അജിത് കുമാര്‍ പറഞ്ഞു.
ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പാത കടന്നു പോകുന്നത് പലയിടത്തും ചതുപ്പ് മേഖലയിലൂടെയായതിനാല്‍ ഇരുവശത്തും സുരക്ഷാ മതിലിന് പൈലിങ്ങ് വേണ്ടിവരും ഇതു വന്‍തോതില്‍ ചെലവു കൂട്ടുമെന്നും പറയുന്നു.
സുരക്ഷാ മതിലിനും റോഡില്‍നിന്നു 3.6 മീറ്റര്‍ അകലം മതിയെന്ന വ്യവസ്ഥ റെയില്‍വേ സുരക്ഷാചട്ടത്തിന് വിരുദ്ധമാണെന്നും പറയുന്നുണ്ട്.