| Saturday, 22nd June 2024, 4:30 pm

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണം; കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്.

24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന ബജറ്റ് ചര്‍ച്ചയിലാണ് കേരളം ആവശ്യം അറിയിച്ചത്. സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.

അതിനാല്‍ സില്‍വര്‍ ലൈനിന്റെ പ്രസക്തി നിലവില്‍ വളരെ വലുതാണെന്നും കെ.എന്‍. ബാലഗോപോല്‍ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിലെ റെയില്‍വെയുടെ തിരക്ക് പരിഗണിച്ചാല്‍ സില്‍വര്‍ ലൈന്‍ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്നാണ് ആവശ്യം.

കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ വഴി എടുത്ത വായ്പകള്‍ അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിതിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജി.എസ്.ടി കേന്ദ്ര സംസ്ഥാന നികുതി പങ്കുവെക്കുന്നത് നേര്‍ പകുതിയാക്കി വീതിക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചു.

റെയില്‍വേ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകൾ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Content Highlight: Silver Line project; Kerala made a demand to the central government

We use cookies to give you the best possible experience. Learn more