| Sunday, 12th November 2023, 8:39 am

സില്‍വര്‍ ലൈന്‍ അത്യാവശ്യമാണ്, സമാന്തരപാത പ്രായോഗികമല്ല: ടി.ഡി.രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ തീവണ്ടി യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിലവിലുള്ള പാതകള്‍ക്ക് സമാന്തരമായി മൂന്നും നാലും പാതകള്‍ നിര്‍മിക്കുക എന്നത് പ്രായോഗികമല്ലെന്ന് ടി.ഡി. രാമകൃഷ്ണന്‍. പുതിയൊരു പാതയോ, സില്‍വര്‍ലൈനോ അത്യാവശ്യമാണെന്നും എഴുത്തുകാരനും ദക്ഷിണ റെയില്‍വെ ചീഫ് കണ്‍ട്രോളറായി വിരമിക്കുകയും ചെയ്ത അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘നിലവിലുള്ള ട്രാക്കുകളിലൂടെ ഓടിക്കാവുന്നതിന്റെ പരമാവധി എണ്ണം ട്രെയിനുകള്‍ ഇപ്പോള്‍ ഉണ്ട്. അതിനിടയിലാണ് അതിവേഗ യാത്ര എന്ന വാഗ്ദാനവുമായി വന്ദേഭാരത് വന്നത്. ഇതിനിടയില്‍ ചരക്കുവണ്ടികളും കടത്തി വിടേണ്ടതുണ്ട്. ഇതിനൊരു പരിഹാരമായി വേറിട്ട, പുതിയൊരു പാതയോ സില്‍വര്‍ലൈനോ അത്യാവശ്യമാണ്.

നിലവിലുള്ള പാതക്ക് സമാനന്തരമായി മൂന്നോ നാലോ പാതകള്‍ നിര്‍മിക്കുക എന്നത് പ്രായോഗികമല്ല. മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കുന്നതിന് വേണ്ടി മാത്രം 10 വര്‍ഷമെടുത്തിട്ടുണ്ട്. വളവുകളും തിരിവുകളുമുള്ള പാതക്ക് സമാന്തരമായി പുതിയ പാത നിര്‍മിച്ചത് കൊണ്ട് തീവണ്ടികള്‍ക്ക് വേഗം കൂട്ടാനാകില്ല.

അതുകൊണ്ട് നിലവിലുള്ള പാതയുടെ പോരായ്മകള്‍ മറികടക്കാന്‍ പറ്റുന്ന തരത്തില്‍ 100 വര്‍ഷത്തെ റെയില്‍ഗതാഗതം മുന്നില്‍ കണ്ടുകൊണ്ടുള്ള സില്‍വര്‍ലൈന്‍ ആസൂത്രണം ചെയ്യണം. ഇതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം,’ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ തീവണ്ടി യാത്ര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ദേശാഭിമാനി ദിനപത്രത്തിന്റെ പ്രത്യേക പരമ്പരയിലാണ് അദ്ദേഹത്തിന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കുറിപ്പില്‍ കഴിഞ്ഞ ആഴ്ച താന്‍ വന്ദേഭാരത് തീവണ്ടിയില്‍ യാത്ര നടത്തിയിരുന്ന സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ടി.ഡി. രാമകൃഷ്ണന്‍ പറയുന്നുണ്ട്.

പ്രഖ്യാപിച്ചതില്‍ നിന്നും 1.15 മണിക്കൂര്‍ വൈകിയാണ് വന്ദേഭാരത് തീവണ്ടി തൃശൂരില്‍ എത്തിയതെന്നും എയര്‍കണ്ടീഷണര്‍ തകരാറിലായിരുന്നു എന്നും അദ്ദേഹം പറയുന്നു. വന്ദേഭാരത് ഇത്രയും വൈകിയെങ്കില്‍ ബാക്കിയുള്ള തീവണ്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

CONTENT HIGHLIGHTS: Silver line essential, parallel path not feasible: TD Ramakrishnan

We use cookies to give you the best possible experience. Learn more