ലോകം ഒന്നാകെ കാത്തിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് അഞ്ച് മാസം ശേഷിക്കെ ലോകകപ്പ് വിജയിക്കാന്‍ സാധ്യതയുള്ള ടീമുകളെ പ്രഖ്യാപിച്ച് ബ്രസീലിന്റെ ഡിഫന്‍ഡര്‍ തിയാഗോ ഡി സില്‍വ.
ഫുട്ബാള്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മാമാങ്കത്തില്‍ ആര് വിജയിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ചെല്‍സിയുടെ താരമായ സില്‍വയുടെ അഭിപ്രായത്തില്‍ സ്വന്തം ടീമായ ബ്രസീല്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, അര്‍ജന്റീന, ബെല്‍ജിയം എന്നിവരെല്ലാം ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളാണ്.
‘സ്‌പെയിന്‍, ഫ്രാന്‍സ്, എന്നിവരാണ് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍, ഇതില്‍ ഫ്രാന്‍സ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടെയാണ്. ബെല്‍ജിയം നന്നായി കളിക്കുന്നുണ്ട്, അവരും ജയ സാധ്യതയുള്ള ടീമാണ്,’ സില്‍വ പറഞ്ഞു.
യൂറോപ്യന്‍ ശക്തികളായ ജര്‍മനിയേയും നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ അര്‍ജന്റീനയെയും തള്ളിക്കളയാന്‍ സാധിക്കില്ലയെന്നും സില്‍വ പറഞ്ഞിരുന്നു.
‘ജര്‍മ്മനിയെയും അര്‍ജന്റീനയെയും നമുക്ക് തള്ളിക്കളയാനാവില്ല. ചുരുക്കത്തില്‍, ഈ ടീമെല്ലാം എല്ലായ്‌പ്പോഴും ലോക കിരീടങ്ങള്‍ക്കായി പോരാടുന്നവരാണ്,’ സില്‍വ കൂട്ടിച്ചേര്‍ത്തു.
ഈ കൂട്ടത്തില്‍ എന്നുമുള്ള ടീമാണ് ബ്രസീലെന്നും താരം പറഞ്ഞു. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇത്തവണ മികച്ച തയ്യാറെടുപ്പോട് കൂടിയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫിഫാ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീല്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ബ്രസീല്‍.