കളിക്കാതെ പോയ പതിനെട്ടു മിനിറ്റുകളുടെ പേരിലാണ് റിക്വല്‍മി എന്ന മിഡ് ഫീല്‍ഡര്‍ ഒരു പക്ഷെ ലോകകപ്പില്‍ ഓര്‍മ്മിക്കപ്പെടുക. 2006 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിക്കെതിരെ കളം നിറഞ്ഞു നിന്ന റിക്വല്‍മിയെ എഴുപത്തി രണ്ടാം മിനുറ്റില്‍ ഹോസെ പെക്കര്‍മാന്‍ പിന്‍വലിക്കുമ്പോള്‍ അര്‍ജന്റീന ഏതാണ്ട് ജയമുറപ്പിച്ച നിലയിലായിരുന്നു.
ഒരു ഗോളിന്റെ ലീഡും മൈതാനത്തിന്റെ പൂര്‍ണ നിയന്ത്രണവുമായി കളിച്ചുകൊണ്ടിരിക്കെയായിരുന്നു ആ സബ്സ്റ്റിറ്റിയൂഷന്‍. പകരമിറങ്ങിയ കാംപിയാസ്സോക്ക് കൈകൊടുത്ത് റിക്വല്‍മി സൈഡ്ബെഞ്ചിലേക്ക് നീങ്ങി ഒരു നിമിഷം പോലും വേണ്ടി വന്നില്ല കളി മാറി മറിയാന്‍.
ജര്‍മ്മന്‍കാരുടെ ചെറിയ നീക്കങ്ങളെ വരെ പ്രതിരോധിച്ചും തിരിച്ചാക്രമിച്ചുകയറിയും ഉണ്ടാക്കിയെടുത്തിരുന്ന താളാത്മകമായ സന്തുലിതാവസ്ഥ അടുത്ത നിമിഷത്തില്‍ നഷ്ടമായി.
റിക്വില്‍മെയില്ലാത്ത അര്‍ജന്റൈന്‍ സംഘം പിടിവള്ളിയില്ലാതെ ഉഴറാന്‍ തുടങ്ങി. പത്തു മിനിറ്റിനകം മിറോസ്ലാവ് ക്ലോസെയിലൂടെ ജര്‍മ്മനി സമനില നേടി, ഷൂട്ടൗട്ടില്‍ അര്‍ജന്റീന പുറത്തും പോയി. റിക്വല്‍മി കളിച്ച 72 മിനിറ്റും അയാളില്ലാത്ത 18 മിനിറ്റും തമ്മിലെ അന്തരം കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു.
റിക്വല്‍മിയില്ലാതെ ആ ടീമിന് കളിക്കാനാകുമായിരുന്നില്ല എന്നതുപോലെ മനമറിഞ്ഞു കൂടെനില്‍ക്കുന്ന സഹകളിക്കാരില്ലാതെ അയാളും പൂര്‍ണനാകുമായിരുന്നില്ല.
ആ മത്സരത്തിനു ശേഷം ഹുവാന്‍ റോമന്‍ റിക്വല്‍മി എന്ന അതുല്യനായ പ്ലേമേക്കര്‍ അതേ ഫോമില്‍ തിരിച്ചു വന്നതേയില്ല. (രണ്ടു കൊല്ലത്തിനു ശേഷം ഒളിംപിക്സ് സ്വര്‍ണം നേടിയെങ്കിലും പഴയ ഫോമിന്റെ അടുത്തു പോലുമുണ്ടായിരുന്നില്ല, റിക്വല്‍മി) അര്‍ജന്റീനയും പെക്കര്‍മാനും അന്ന് കൈവിട്ടുകളഞ്ഞത് ഒരു ലോകകപ്പ് മാത്രമായിരുന്നില്ല റിക്വില്‍മെയടെ കരിയറും കൂടിയായിരുന്നുവെന്ന് കരുതുന്നവരേറെയുണ്ട്.
മറഡോണയും മെസ്സിയും ഒരു ടീമിന്റെ എല്ലാ നീക്കങ്ങളേയും തങ്ങളിലേക്ക് വലിച്ചടുപ്പിച്ച്, പന്തിനോട് അത്രമേല്‍ താദാത്മ്യം പ്രാപിച്ച്, പന്തും താനുമായുള്ള അകലം ആവുന്നത്ര കുറച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്നവരാണ്. എപ്പോഴും പന്തിനോട് ചേര്‍ന്നു നില്‍ക്കുന്ന കേന്ദ്രീകൃത സ്വഭാവമുള്ള ഈ നീക്കങ്ങള്‍ നല്‍കുന്ന ആധികാരികതയാണ് അവരെ വ്യത്യസ്തരാക്കുന്നത്.
അവസാന നിമിഷം പന്ത് സഹകളിക്കാരന് കൈമാറുന്ന വിരുതിലൂടെ മെസ്സി ചിലപ്പോഴെല്ലാം ഇതില്‍ നിന്നും കുതറുന്നത് കണ്ടിട്ടുണ്ട്. അതേ സമയം ഹുവാന്‍ റോമന്‍ റിക്വല്‍മി മുന്നോട്ടുവച്ച ഫുട്ബോള്‍ അക്ഷരാര്‍ത്ഥത്തില്‍ വികേന്ദ്രീകരണത്തിന്റേതാണ്. കളത്തില്‍ അയാള്‍ തന്നെ വിന്യസിക്കുന്നത് ഒരു വലയിലെ നടുച്ചരടെന്നവണ്ണമാണ്.
മറ്റ് കണ്ണികളുണ്ടെങ്കില്‍ മാത്രം പ്രസക്തമാവുന്നതും കളത്തിലൂടെയാകമാനം പോകുന്നതുമായ നടുച്ചരട്. പൊസിഷനിംഗ്, നീക്കങ്ങള്‍, പാസ്സുകള്‍, ശരീരചലനങ്ങള്‍, ഗോളുകള്‍ ഇതെല്ലാം ഒരു വലപോലെ കളത്തില്‍ വിരിഞ്ഞു കിടക്കും. വേണ്ടുന്ന സന്ദര്‍ഭത്തില്‍ അതിനെ മൊത്തം പ്രയോഗത്തിലാക്കാനുള്ള കേന്ദ്രമായി മാറാന്‍ കഴിയുന്ന ആ സവിശേഷതയാണ് 24 പാസ്സ് ഗോള്‍ സാധ്യമാക്കിയത്.
സെര്‍ബിയ-മോണ്ടിനെഗ്രോവിനെതിരെ ഇരുപത്തഞ്ചാം ടച്ചില്‍ പന്തിനെ പോസ്റ്റിലെത്തിച്ച എസ്തബാന്‍ കാംപിയാസ്സോ വിസ്മൃതിയിലേക്കു പോയാലും ആ ഇരുപത്തിനാലു പാസ്സുകളുടെ പാറ്റേണായി റിക്വല്‍മി എന്ന പേര് എക്കാലവും നിലനില്‍ക്കും.
തന്റെ നീണ്ട കാലുകള്‍ കൊണ്ട് പന്തിനെ ശരീരത്തില്‍ നിന്ന് അകറ്റിപ്പിടിക്കാനുള്ള അനിതരസാധാരണമായ സിദ്ധിയാണ് റിക്വല്‍മിയെ മെസ്സിയുടെ എതിര്‍ വശത്ത് നിര്‍ത്തുന്നത്. പന്തിനുമുകളില്‍ വായുവില്‍ കാലുകൊണ്ട് കളം വരച്ചു വരച്ചു മുന്നേറുന്ന ആ ചലന സവിശേഷത ഇപ്പോള്‍ പോള്‍ പോഗ്ബയില്‍ കാണാം.
ഈ മത്സരത്തിലാണ് ലയണല്‍ മെസ്സി ലോകകപ്പില്‍ അരങ്ങേറിയതെന്നതാണ് വിസ്മൃതിയില്‍ മറഞ്ഞ മറ്റൊരു വസ്തുത. പതിനാറ് മിനിറ്റ് മാത്രം കളിച്ച മെസ്സി അര്‍ജന്റീനയുടെ ആറാം ഗോളടിക്കുകയും ഹര്‍നന്‍ ക്രെസ്പോയുടെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
പെലെ, ബെസ്റ്റ്, മറഡോണ, മെസ്സി റോബര്‍ട്ടോ കാര്‍ലോസ്, സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, ക്രിസ്ത്യാനോ റൊണാള്‍ഡോ, റൊണാള്‍ഡീന്യോ, ഡേവിഡ് ബെക്കാം – ഇവരുടെയെല്ലാം വ്യക്തിമുദ്ര പതിഞ്ഞ ലോകം മറക്കാത്ത ഗോളുകളേക്കാള്‍ എന്റെ ഓര്‍മ്മയെ അതിജീവിക്കുക ആ 24 പാസ്സുകളുടെ ‘വികേന്ദ്രീകൃത ജനാധിപത്യമാണ്’- അതിന്റെ മുഖമായി ഹുവാന്‍ റോമന്‍ റിക്വല്‍മിയും.
ആ ഇരുപത്തിനാലില്‍ നാലു തവണയാണ് റിക്വല്‍മിയുടെ കാലില്‍ പന്തെത്തിയിട്ടുള്ളത് എന്നുമോര്‍ക്കണം. 1986 ലോകകപ്പിലെ വിഖ്യാതമായ ഒറ്റയാള്‍ ഗോളില്‍ മറഡോണയുടെ പന്ത്രണ്ടു ടച്ചുകളാണുണ്ടായിരുന്നത്. രണ്ടു ഗോളുകളും തമ്മിലുള്ള ഈ വൈരുദ്ധ്യം രണ്ട് തരത്തിലുള്ള കളിക്കാരെ കുറിക്കുന്നതാണ്. മറഡോണ ടീം പ്ലേയര്‍ ആയിരുന്നില്ലെന്നേയല്ല, ഇവിടെത്തെ വിവക്ഷ.
സംഘശേഷിയെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെന്ന റോളില്‍ മറഡോണയുടേതില്‍ നിന്ന് ഏറെ വിഭിന്നമായ രീതിയിലാണ് റിക്വില്‍മെ പ്രയോജനപ്പെടുത്തിയതെന്നുമാത്രം. ക്ലോഡിയോ കനീജിയയും ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയും മറഡോണയുടെ വേട്ടപ്പട്ടികള്‍ എന്നറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
മറഡോണ നീക്കിക്കൊടുക്കുന്ന പന്തുകള്‍ പറന്നു പിടിക്കുന്ന വിങ്ങര്‍മാരായിരുന്നു ഇരുവരും. 1994 ലെ മറഡോണയുടെ അവസാനത്തെ ലോകകപ്പ് ഓര്‍ക്കുക. നൈജീരിയക്കെതിരെ കനീജിയ നേടിയ രണ്ടു ഗോളുകളിലും മറഡോണയുടെ കാല്‍ സ്പര്‍ശമുണ്ടായിരുന്നു.
ഫ്രീക്കിക്കെടുക്കുമ്പോള്‍ പ്രതിരോധ മതിലിനെ കബളിപ്പിക്കാനായി ബാറ്റിസ്റ്റ്യൂട്ടയുടെ വഴിയിലേക്ക് പന്തിനെ നീക്കിക്കൊടുത്ത ആ ടച്ച് – ബാറ്റി കിക്കിന്റെ റീബൗണ്ടിലായിരുന്നു കനീജിയയുടെ ആദ്യ ഗോള്‍. മാര്‍ക്ക് ചെയ്യപ്പെടാതെ വലതുവിങ്ങിലുണ്ടായിരുന്ന കനീജിയക്ക് ത്രൂ ചെയ്തു കൊടുത്ത മറ്റൊരു ഫ്രീക്കിക്കായിരുന്നു രണ്ടാമത്തേത്.
തന്റെ അനുചരന്മാര്‍ക്ക് ഗോളടിക്കാനായി പന്തെത്തിച്ചു കൊടുക്കുന്ന, അവരുടെ ഫിനിഷിംഗ് കണ്ട് ആനന്ദിക്കുന്ന ‘അധികാരസ്ഥാന’ത്താണ് രണ്ട് സന്ദര്‍ഭങ്ങളിലും മറഡോണയുള്ളത്. ഗ്യാംഗ്സ്റ്റര്‍ സിനിമകളിലെ ഡോണിനെ പോലെ മറഡോണ തന്റെ രണ്ടാം വരവില്‍ മിഡ്ഫീല്‍ഡിനെ അടക്കിവാണിരുന്നു.
ഏതാനും മത്സരങ്ങളില്‍ മാത്രമേ ഇത് നിലനിന്നുള്ളൂവെങ്കിലും കനീജിയയും ബാറ്റിസ്റ്റ്യൂട്ടയും ദ്യേഗോയുടെ ഇടംകയ്യും വലംകയ്യുമായി നിന്നിരുന്നു. സ്ട്രൈക്കറില്‍ നിന്ന് പ്ലേമേക്കര്‍ റോളിലേക്കുള്ള ഈ സംക്രമണകാലത്താണ് മറഡോണക്ക് കളി മതിയാക്കേണ്ടി വന്നത്. എന്നാല്‍ പ്ലേമേക്കറുടെ ഈ അധികാരനിലയെ മാറ്റിയെഴുതുകയാണ് റിക്വില്‍മി ചെയ്തത്.
പന്ത് പാസ്സ് ചെയ്ത് ഗോളിന്റെ മേല്‍നോട്ടക്കാരനായി റിക്വില്‍മിയെ നമുക്ക് കാണാനാവില്ല. പന്ത് കൊടുത്തൊഴിവാക്കുന്നതായി തോന്നിപ്പിക്കുന്ന അലസമായ വിതരണവുമില്ല.
പാസ്സ് ചെയ്ത പന്തിന്റെ തുടര്‍ചലന സാധ്യതകളറിയാവുന്നവനെ പോലെയാണ് ഓരോ ആക്രമണ വേളയിലും നമ്മളയാളെ കണ്ടിട്ടുള്ളത്. ഒരിക്കല്‍ പോലും പന്ത് അനാവശ്യമായി വച്ചുതാമസിപ്പിക്കാതെ തനിക്കു ചുറ്റുമുള്ള ഓരോരുത്തരുടേയും പൊസിഷന്‍ സ്‌ക്രീനിലെന്ന പോലെ കണ്ട് പാസ്സുകള്‍ നല്‍കുന്ന റിക്വില്‍മിയാണ്, ആദ്യകാലത്ത് ബോക്സിനു പുറത്തു നിന്നുള്ള വോളികളിലൂടെ നിരന്തരം സ്‌കോര്‍ ചെയ്തിരുന്ന റോമനേക്കാള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളത്.
തൊണ്ണൂറുകളില്‍ തുടങ്ങി നിരവധി ജൂനിയര്‍ മറഡോണമാര്‍ അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീമിലൂടെ കയറിയിറങ്ങിപ്പോയിരുന്നു. റിക്വില്‍മിയില്‍ തുടങ്ങി, ഏരിയല്‍ ഒര്‍ട്ടേഗ, പാബ്ലോ അയ്മര്‍, ഹാവിയര്‍ സാവിയോള, എന്നിവരിലൂടെ ലയണല്‍ മെസ്സിയില്‍ അവസാനിക്കുകയാണ് മറഡോണയുടെ പരമ്പര, അടുത്ത തലമുറയുടെ തുടക്കം ഇനി വരാനിരിക്കുന്ന മെസ്സിമാരിലൂടെയാവും.
ഇതില്‍ മറഡോണയുടെ ക്ലോണുകളായിരുന്നവരൊന്നും തന്നെ കാലത്തെ അതിജീവിച്ചില്ല.
മറഡോണയില്‍ നിന്നുള്ള വളര്‍ച്ചയാണ് റിക്വില്‍മിയെയും മെസ്സിയെയും രൂപപ്പെടുത്തിയത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ രണ്ടാം മറഡോണയെന്ന വിശേഷണത്തോടെ തന്നെയാണ് റോമന്‍ എന്ന റിക്വില്‍മെയുടെ രംഗപ്രവേശം. ബോക്കാജൂനിയേഴ്സിലൂടെ അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക്.ആരോടും അടുപ്പം കാണിക്കാത്ത, അന്തര്‍മുഖനായ റോമന്‍ തുടക്കം തൊട്ടേ ശ്രദ്ധാകേന്ദ്രമായിരുന്നു.
കളിക്കുന്ന ടീമിലെല്ലാം ഛിദ്രമുണ്ടാക്കുന്നുവെന്ന ദുഷ്പേരോടെയാണ് ബോക്കാ ജൂനിയേഴ്സ് വിട്ട് റിക്വില്‍മി കാംപ് നൗവിലെത്തുന്നത്. ലൂയിസ് വാന്‍ ഗാലിന്റെ പ്രിയപ്പെട്ടവനാകാന്‍ തുടക്കം തൊട്ടേ അയാള്‍ക്കു കഴിഞ്ഞില്ല.
രാഷ്ട്രീയകാരണങ്ങളാല്‍ ടീമിലെത്തിയവനെന്ന വാന്‍ ഗാലിന്റെ വിവാദ പരാമര്‍ശം കൂടിയായതോടെ ബാഴ്സയില്‍ കഷ്ടിച്ച് ഒരു വര്‍ഷം തികച്ച് റിക്വില്‍മി വിയ്യാറയലിലേക്ക് പോയി.
യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ റിക്വില്‍മിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളും ഇക്കാലയളവിലാണ്. റയല്‍ മാഡ്രിഡിനായി തന്റെ അവസാന മത്സരത്തിനിറങ്ങിയ സിനദിന്‍ സിദാന്‍ നിഷ്പ്രഭനായി പോയ ആ മത്സരം ഇതിലൊന്നു മാത്രം. എന്നാല്‍ ആഴ്സനലിനെതിരായ യുസിഎല്‍ സെമിയില്‍ പെനാല്‍റ്റികിക്ക് പാഴാക്കി തലതാഴ്ത്തി പോകേണ്ടി വന്നത് റിക്വില്‍മി എന്ന കളിക്കാരന്റെ തകര്‍ച്ചയുടെ തുടക്കമായി കണ്ടവരുണ്ട്.
എന്നാല്‍ പോലും അതൊന്നും റിക്വില്‍മിയെ ബാധിച്ചിരുന്നില്ലെന്നുവേണം കരുതാന്‍. വികാരരഹിതമായ ഈ ശൈലിയും കളത്തിലെ സഖാക്കളെ സൈഡ് ലൈന്‍ കടന്നാല്‍ മറക്കുന്ന പ്രകൃതവും റിക്വില്‍മിക്ക് നല്‍കിയത് ശത്രുക്കളുടെ നീണ്ട നിര തന്നെയാണ്. ഉറുഗ്വേയുടെ സൂപ്പര്‍ താരം ദ്യേഗോ ഫോര്‍ലാന്‍ മാത്രമാണ് ഇതിനൊരപവാദമായിരുന്നത്. കളത്തിലും പുറത്തും റോമനുമായി സൗഹൃദം സ്ഥാപിച്ചിരുന്ന അപൂര്‍വ്വം കളിക്കാരിലൊരാള്‍.
‘2005 ല്‍ ഞാന്‍ വിയ്യാറയലിലേക്ക് വരുമ്പോള്‍ എനിക്ക് റോമനെ ചെറിയ പരിചയമേ ഉള്ളൂ, അതിലേറെ സൗഹൃദമൊന്നും അയാള്‍ കാണിച്ചുമില്ല. പക്ഷ കളിക്കളത്തില്‍ എന്റെ വേഗത എത്രയെന്ന് കൃത്യമായി മനസ്സിലാക്കി കാലിനു പാകത്തില്‍ പന്തെത്തിച്ചു തരുന്ന പങ്കാളിയായിരുന്നു റോമന്‍. നമ്മള്‍ കളിക്കാനാണല്ലോ ടീമുകളില്‍ വരുന്നത്, ബന്ധങ്ങളുണ്ടാക്കലിനേക്കാള്‍ പ്രധാനം അതിനു തന്നെയാണ്.
ഒമ്പതോ പത്തോ മക്കളുള്ള ഒരു കുടുംബത്തില്‍ നിന്നു വരുന്ന റോമന് അവരുടെ എല്ലാം ഉത്തരവാദിത്തവുമുണ്ടായിരുന്നു.വീട്ടിലേക്ക് വിളിച്ച് എനിക്കിഷ്ടമുള്ള ഭക്ഷണം സ്വയം പാചകം ചെയ്തുതരുന്നവിധത്തിലുള്ള സൗഹൃദം പിന്നീട് എന്നോട് റോമനുണ്ടായിരുന്നു’.2007 ല്‍ ഫോര്‍ലാന്‍ പറഞ്ഞ വാക്കുകളാണിത്.
കളത്തിനു പുറത്തെ റിക്വില്‍മിയോട് ഇതിലുമടുത്ത് പെരുമാറിയിട്ടുള്ള മറ്റൊരു കളിക്കാരനുമുണ്ടാവില്ല.
2005 ല്‍ റയല്‍ സോസിദാദിനെതിരെ ഇരുവരുംചേര്‍ന്ന് നേടിയ ഒരു ഗോള്‍ കാണണം. ബോക്സിലേക്ക് ഇടതു വശത്തു നിന്ന് പന്തുമായി കയറിയ ഫേര്‍ലാന്‍ അവശേഷിക്കുന്ന ഡിഫന്‍ഡറെ കബളിപ്പിച്ച് റിക്വില്‍മിക്ക് നല്‍കുന്നു. ഏത് കളിക്കാരനും കീപ്പറെ മറികടന്ന് നേരെ പോസ്റ്റിലെത്തിക്കാവുന്ന ബോള്‍.
പക്ഷെ ഗോള്‍ക്കീപ്പറെ അനായാസം വെട്ടിയൊഴിഞ്ഞ ശേഷം പന്ത് തിരികെ ഫോര്‍ലാന് തന്നെ പാസ്സ് ചെയ്യുന്ന റിക്വില്‍മി ഫുട്ബോള്‍ മൈതാനത്തെ അപൂര്‍വ കാഴ്ചയാണ്.
ആദ്യ കാലത്ത് റിക്വില്‍മിക്കു വേണ്ടി ക്ലബ് മാനേജരുടെ കാര്‍ക്കശ്യങ്ങളെല്ലാം മാറ്റി വച്ചിരുന്ന വിയ്യാറയലിന്റെ മാനുവല്‍ പെലഗ്രീനിക്കും ഒടുവില്‍ റിക്വില്‍മെയെ കയ്യൊഴിയേണ്ടി വന്നു.
2007 ആയപ്പോഴേക്കും ബൊക്കയിലേക്ക് -സ്വന്തം വേരുകളിലേക്കുമടങ്ങുകയായിരുന്നു റോമന്‍ റിക്വില്‍മി. ബൊക്കയുടെ പ്രധാന സ്‌കോററായ മാര്‍ട്ടിന്‍ പലെര്‍മോയുമായുള്ള ഭിന്നത റിക്വില്‍മിയെ വാര്‍ത്തകളില്‍ തന്നെ നിലനിര്‍ത്തി. ആര്‍സനല്‍ ഡി സരാന്ദിയുമായുള്ള മത്സരം.
മായികമായ ചലനങ്ങളിലൂടെ എതിരാളിയുടെ പ്രതിരോധത്തെ കീഴ്പ്പെടുത്തി പോസ്റ്റിലേക്ക് കുതിക്കുന്ന റോമന്‍. അഞ്ചോ ആറോ വാര മാത്രം അകലെ ലക്ഷ്യം വക്കാന്‍ ഗോള്‍വല മാത്രമുള്ള ആ നിമിഷത്തില്‍ വലതുവശത്ത് ഒപ്പം ഓടിക്കയറിയിരുന്ന സ്ട്രൈക്കര്‍ക്ക് – അതും ടീമിലെ തന്റെ ശത്രുവെന്ന് ലോകമാകെ പറഞ്ഞിരുന്ന അതേ കളിക്കാരന് – പന്ത് കൈമാറിയപ്പോള്‍ അത്ഭുതപ്പെട്ടത് ആ പാസ്സ് സ്വീകരിച്ച് ഗോളടിച്ച മാര്‍ട്ടിന്‍ പലെര്‍മോ കൂടിയായിരുന്നു.
ഇരുന്നൂറ്റി പത്തൊമ്പതാമത്തെ ഗോളടിച്ച് റെക്കോഡ് സ്ഥാപിച്ച ആ നിമിഷത്തെ പറ്റി റിക്വില്‍മി പിന്നീട് പറഞ്ഞത്, അങ്ങനെ ഗോളടിക്കാന്‍ ആര്‍ക്കും പറ്റുമെന്നായിരുന്നുവെന്നത് വിരോധാഭാസം.
കോച്ച് ജൂലിയോ ഫാല്‍സിയോണിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഒട്ടും സുഖകരമല്ലാതെ കരിയര്‍ അവസാനിപ്പിക്കുമ്പോഴും സ്ഥായീഭാവമായ അസ്വാസ്ഥ്യം ഒട്ടും മറച്ചു വച്ചിരുന്നില്ല, റിക്വില്‍മി. തന്റെ തീരുമാനവും മാനേജരുമായി ബന്ധമൊന്നുമില്ല, എന്നാല്‍ തനിക്കിനി ഒരു മാനേജരുടെ ആവശ്യവുമില്ല.
ഇങ്ങനെയാണ് റിക്വില്‍മി ബൊക്കയില്‍ നിന്ന് വിടവാങ്ങുന്നത്. അയാള്‍ എന്തു പറഞ്ഞാലും തനിക്കൊന്നുമില്ലെന്ന്മറഡോണയെക്കുറിച്ചു പറഞ്ഞതും ഒരു മറയുമില്ലാതെയാണ്.
റോമന്‍ റിക്വില്‍മിയുടെ ഓരോ ചലനവും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ തന്നെയാണെന്നു തോന്നും പക്ഷെ താന്‍ ശ്രദ്ധാകേന്ദ്രമാകുന്ന നിമിഷത്തില്‍ എന്തെല്ലാമോ ആകുലതയാല്‍ അയാള്‍ ഉള്‍വലിയുകയും ചെയ്യുമെന്നാണ് റൂപര്‍ട്ട് ഫ്രയര്‍ നിരീക്ഷിക്കുന്നത്.
എന്തായാലും ഫുട്ബോള്‍ ആ കളിയുടെ എല്ലാ ഭംഗിയോടെയും കളിച്ച ഒരാളെന്ന നിലയില്‍ മാത്രമല്ല, മൈതാനത്ത് തന്റെ ചുറ്റും നിന്ന സഹകളിക്കാരെയെല്ലാം കളിയില്‍ പ്രസക്തരാക്കാന്‍ പോന്ന അസാമാന്യ പ്രതിഭ എന്ന നിലയില്‍ കൂടിയാവണം ഹുവാന്‍ റോമന്‍ റിക്വില്‍മി എന്ന കളിക്കാരനെ രേഖപ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.