തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് ഏറെ തരംഗം സൃഷ്ടിച്ച നടി സില്‍ക്ക് സ്മിതയുടെ ബയോപികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
ഓസ്ട്രേലിയന്‍-ഇന്ത്യന്‍ നടിയും മോഡലും നര്‍ത്തകിയുമായ ചന്ദ്രിക രവിയാണ് ‘സില്‍ക്ക് സ്മിത, ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പേരില്‍ പുറത്തുവരാന്‍ പോകുന്ന ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
View this post on Instagram
ചന്ദ്രിക രവി തന്നെയാണ് ബയോ പിക്കില്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യുന്നത്. താരത്തിന്റെ ഏറ്റവും ഫേയ്മസായ ഫോട്ടോക്ക് സമാനമായ പോസില്‍ നില്‍ക്കുന്ന ചന്ദ്രിക രവിയുടെ ഫോട്ടോയാണ് ഫസ്റ്റ് ലുക്കായി പുറത്തുവന്നത്.
ജയറാം ശങ്കരന്‍ സംവിധാനം ചെയ്യുന്ന ഈ ബയോപിക് 2024ല്‍ മലയാളം ഉള്‍പ്പെടെയുള്ള ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലാകും റിലീസ് ചെയ്യുന്നത്.
സില്‍ക്ക് സ്മിതയുടെ 63ാമത്തെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന് ഡിസംബര്‍ രണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് സില്‍ക്ക് സ്മിത സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. അന്ന് വിജയലക്ഷ്മി എന്നായിരുന്നു അവരുടെ പേര്.
‘ഇണയെ തേടിയെന്ന’ മലയാള ചിത്രത്തിലാണ് ആദ്യമായി നായികയായി എത്തുന്നത്. ആ സമയത്താണ് വിജയലക്ഷ്മിയെന്ന പേരിന് പകരം സ്മിതയെന്ന പേര് നല്‍കുന്നത്. പിന്നീട് ‘വണ്ടിച്ചക്രം’ സിനിമയിലെ സില്‍ക്ക് എന്ന കഥാപാത്രത്തില്‍ നിന്നാണ് സില്‍ക്ക് സ്മിതയെന്ന പേര് ലഭിച്ചത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാ ലോകമാകെ അറിയപ്പെടുന്ന നടിയായി മാറാന്‍ അവര്‍ക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. വളരെ പെട്ടെന്നായിരുന്നു അറിയപ്പെടുന്ന സൗന്ദര്യറാണിയായി സില്‍ക്ക് സ്മിത മാറിയത്.
Content Highlight: Silk Smitha’s Biopic; The First Look Poster Out