| Sunday, 20th October 2019, 10:46 am

'അമ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു'; കൂടത്തായി കേസില്‍ മൊഴി നല്‍കി സിലിയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിലിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ജോളി തന്നെയെന്ന് മകന്റെ മൊഴി. ജോളി നല്‍കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്ന് പതിനാറുകാരനായ മകന്‍ മൊഴി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘അമ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു. അവരില്‍ നിന്നു തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചിതനെപ്പോലെയാണു ജീവിച്ചത്.’- മകന്‍ പറഞ്ഞു. ഇന്നലെയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

സിലിയുടെ മരണശേഷം അവരുടെ ഭര്‍ത്താവായിരുന്ന ഷാജു ജോളിയെ വിവാഹം ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായിരുന്നു. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി ഇക്കാര്യം അന്വേഷിച്ചതോടെയാണു ചുരുളഴിഞ്ഞത്.

ജോളിക്ക് സയനൈഡ് നല്‍കിയതു രണ്ടാം പ്രതിയായ മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം കോയമ്പത്തൂരിലേക്കെത്തിയത്.

കോയമ്പത്തൂരിലെ സത്യന്‍ എന്നയാളാണു മാത്യുവിന് സയനൈഡ് നല്‍കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സത്യന്റെ മൊഴി രേഖപ്പെടുത്തി. സത്യന് സയനൈഡ് നല്‍കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. ഇയാള്‍ക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ട്.

ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോളിയുമായി അടുത്ത ബന്ധമുള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്.

അതുകൊണ്ടു ജോളിയുടെ കോയമ്പത്തൂര്‍ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഉറപ്പിക്കേണ്ടതുണ്ട്. കോയമ്പത്തൂരില്‍ പോകുമ്പോള്‍, എന്‍.ഐ.ടിയില്‍ നിന്നു വിദ്യാര്‍ഥികള്‍ക്കൊപ്പം ടൂര്‍ പോകുന്നുവെന്നാണ് ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more