Entertainment
തമിഴ്‌നാട്ടില്‍ നിന്ന് ഒരു ഗുണ്ട വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇത്ര ഗ്ലാമര്‍ പ്രതീക്ഷിച്ചില്ല, ഉലകനായകന്‍ ചിത്രത്തിലേക്ക് ചിമ്പുവിന്റെ മാസ് എന്‍ട്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 08, 05:28 am
Wednesday, 8th May 2024, 10:58 am

നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിഹാസ സംവിധായകന്‍ മണിരത്‌നവും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. വിക്രം എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് ഗംഭീര വരവേല്പാണ് ലഭിച്ചത്. എ. ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ആദ്യമായാണ് മൂവരും ഒരു സിനിമക്കായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കമല്‍ ഹാസന്റേതാണ്.

കമല്‍ ഹാസന് പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ദുല്‍ഖറും തമിഴില്‍ നിന്ന് ജയം രവിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചതുമായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.

ദുല്‍ഖറിന്റെ വേഷത്തിലേക്ക് കാര്‍ത്തി, ധ്രുവ് വിക്രം എന്നീ പേരുകള്‍ പറഞ്ഞു കേട്ടുവെങ്കിലും ഏറ്റവുമൊടുവില്‍ സിലമ്പരസന്‍ ആ വേഷം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്നുള്ള ലൊക്കേഷനില്‍ കമല്‍ ഹാസനോടൊപ്പം ചിമ്പുവും നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ദുല്‍ഖറിന്റെ വേഷത്തിലേക്ക് ചിമ്പു തന്നെയാണെന്ന് ഉറപ്പായി.

ഇപ്പോഴിതാ ചിമ്പുവിന്റെ ഇന്‍ട്രോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ‘ന്യൂ തഗ് ഇന്‍ ടൗണ്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. മരുഭൂമിയിലൂടെ കാറോടിച്ചു വന്ന് ഷൂട്ട് ചെയ്യുന്ന ചിമ്പുവിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ആദ്യമായാണ് ചിമ്പു ഉലകനായകന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. 2022ല്‍ ചിമ്പു നായകനായ വെന്ത് തനിന്തത് കാട് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ചിമ്പു തന്റെ കൂടെ അഭിനയിക്കണമെന്ന് കമല്‍ ഹാസന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ജയം രവി പിന്മാറിയ വേഷത്തിലേക്ക് അശോക് സെല്‍വന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോജു ജോര്‍ജ്, ഗൗതം കാര്‍ത്തിക്, തൃഷ, അഭിരാമി, നാസര്‍, ഐശ്വര്യ ലക്ഷ്മി, പങ്കജ് ത്രിപാഠി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. കെ.ജി.എഫ്, വിക്രം, ലിയോ സിനിമകള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത അന്‍പറിവാണ് ഈ സിനിമയുടെയും ആക്ഷന്‍ കൊറിയോഗ്രഫി. രവി.കെ. ചന്ദ്രനാണ് ഛായാഗ്രഹണം, രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍സും റെഡ് ജയന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പി.ആര്‍.ഓ. പ്രതീഷ് ശേഖര്‍.

Content Highlight: Silambarasan intro video in Thug Life out