| Wednesday, 29th December 2021, 4:29 pm

നെഹ്‌റുവിനെ വെട്ടി മോദിയാക്കി; സിക്കിമിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡ് ഇന് മുതല്‍ നരേന്ദ്ര മോദി മാര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാംഗ്‌ടോക്: സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി സിക്കിം.

മുമ്പ് ‘ജവഹര്‍ലാല്‍ നെഹ്‌റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡ് ഇനിമുതല്‍ ‘നരേന്ദ്ര മോദി മാര്‍ഗ്’ എന്നാവും അറിയപ്പെടുക.

സിക്കിം ഗവര്‍ണര്‍ ഗംഗാ പ്രസാദാണ് പുതുക്കിപ്പണിത റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്.

റോഡ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും റോഡിന്റെ പേര് മാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡി.ബി. ചൗഹാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

‘ഗവര്‍ണര്‍ ഗംഗാ പ്രസാദിനൊപ്പം നരേന്ദ്ര മോദി മാര്‍ഗിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. പുതുതായി ചാംഗു തടാകത്തിലേക്ക് നിര്‍മിച്ച ബദല്‍ പാതയ്ക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ പേരാണ് നല്‍കിയിരിക്കുന്നത്,’ എന്നായിരുന്നു ചൗഹാന്‍ ട്വീറ്റ് ചെയ്തത്.

ക്യോംഗസാല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് 19.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ പേരുമാറ്റം ഗ്രാമസഭയില്‍ ഐക്യകണ്‌ഠേനയായിരുന്നു അംഗീകരിക്കപ്പെട്ടതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഐ.കെ രസായ്‌ലി പറയുന്നത്.

കൊവിഡിന്റെ സമയത്ത് തങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായിട്ടാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നാണ് രയ്‌സാലി പറയുന്നത്.

ഇതുകൂടാതെ ദോക്‌ലാം അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികളും റോഡിന്റെ പേരുമാറ്റത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളേയും ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപിതലക്ഷ്യത്തിന്റെ ഭാഗമായാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള റോഡ് മോദിയുടെ പേരിലേക്ക് മാറ്റിയതെന്നാണ് പേരുമാറ്റത്തിന് പിന്നാലെ ഉയരുന്ന പ്രധാന ആക്ഷേപം.

നേരത്തെ, ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരും കേന്ദ്രം മാറ്റിയിരുന്നു. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലാണ് പുരസ്‌കാരം ഇനി അറിയപ്പെടുക.

ജനവികാരം മാനിച്ചാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയതെന്നായിരുന്നു മോദി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പേരുമാറ്റത്തിന് പിന്നില്‍ മോദിയുടെ സ്വാര്‍ത്ഥതാല്‍പര്യം മാത്രമായിരുന്നു എന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേരുമാറ്റവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sikkm GPU renames Jawaharlal Nehru road to Narendra Modi Road

We use cookies to give you the best possible experience. Learn more