ന്യൂദല്‍ഹി: സിക്കിം രാജ്യത്തിന്റെ ഭാഗമല്ലെന്ന് തെറ്റായി സൂചിപ്പിച്ച പത്ര പരസ്യം നല്‍കിയ സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിക്കിം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
” സിക്കിം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത്തരം പിശകുകള്‍ സഹിക്കാന്‍ കഴിയില്ല. പരസ്യം പിന്‍വലിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു, ”അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു.
സിവില്‍ ഡിഫന്‍സ് കോര്‍പ്‌സില്‍ ചേരാന്‍ സന്നദ്ധപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുകൊണ്ട്
ദല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് പിഴവ് വന്നത്.
ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാനദണ്ഡങ്ങള്‍ പട്ടികപ്പെടുത്തിയപ്പോള്‍ സിക്കിമിനെ വിദേശ രാജ്യങ്ങള്‍ക്കിടയിലാണ് പരസ്യത്തില്‍ തരംതിരിച്ചത്. ഈ നടപടിയാണ് വിവാദത്തിന് ഇടയാക്കിയത്.