ഗാംഗ്‌ടോക്: സിക്കിം ഹൈക്കോടതി രജിസ്ട്രിയിലെ വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ അവധി നയം അവതരിപ്പിച്ച് അധികൃതര്‍. മെയ് 27ന് പുറത്തിറക്കിയ പ്രസ്താവനയില്‍ രജിസ്ട്രിയിലെ വനിതാ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. ആര്‍ത്തവ അവധി നടപ്പിലാക്കുന്ന ആദ്യ ഹൈക്കോടതിയാണ് സിക്കിം ഹൈക്കോടതി.
അതേസമയം ഹൈക്കോടതിയിൽ മെഡിക്കല്‍ ഓഫീസറുടെ മുന്‍കൂര്‍ ശുപാര്‍ശയില്‍ മാത്രമേ ഈ അവധി അനുവദിക്കുള്ളുവെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ആര്‍ത്തവ അവധി ജീവനക്കാര്‍ക്ക് മൊത്തത്തില്‍ കിട്ടിവരുന്ന അവധികളില്‍ ഉള്‍പ്പെടുത്തില്ല.
രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതിയാണ് സംസ്ഥാനത്തിലേത്. ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം ഇവിടെ മൂന്ന് ജഡ്ജിമാരാണുള്ളത്. ഒരു വനിതാ ഓഫീസര്‍ ഉള്‍പ്പെടെ രജിസ്ട്രിയില്‍ വെറും ഒമ്പത് ഓഫീസര്‍മാര്‍ മാത്രമാണ് ഉള്ളത്.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി 2023 ഫെബ്രുവരിയില്‍ വിസമ്മതിച്ചിരുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
കൂടാതെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് നിവേദനം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഈ ആവശ്യത്തെ തള്ളി.
ആര്‍ത്തവത്തെ ഒരു വൈകല്യമായി കാണുന്നില്ലെന്നും അവധി നയം നടപ്പിലാക്കുന്നത് തുല്യതയെ ചോദ്യം ചെയ്യുമെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്. അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു കരട് ആര്‍ത്തവ ശുചിത്വ നയം രൂപികരിച്ചു. കരട് നയത്തില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ സമയത്ത് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ സപ്പോര്‍ട്ട് ലീവുകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
Content Highlight: Sikkim High Court introduced menstrual leave policy for women employees