ഗാംഗ്‌ടോക്: ജോലിയില്ലാത്ത അമ്മമാര്‍ക്ക് വര്‍ഷം തോറും 20,000 രൂപയും ഒമ്പതാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും നല്‍കുന്ന പദ്ധതിയുമായി സിക്കിം സര്‍ക്കാര്‍. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
വെള്ളിയാഴ്ച മെല്ലിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് തമാംഗ് ഇക്കാര്യം അറിയിച്ചത്. ജോലിയില്ലാത്ത അമ്മമാര്‍ക്കായി ‘ആമ യോജന’യും വിദ്യാര്‍ത്ഥിനികള്‍ക്കായി ‘ബാഹിനി സ്‌കീമും’ ആരംഭിക്കുമെന്നായിരുന്നു തമാംഗ് അറിയിച്ചത്.
‘ആമ യോജന പദ്ധതി പ്രകാരം എല്ലാ ജോലിയില്ലാത്ത അമ്മമാര്‍ക്കും വര്‍ഷം തോറും 20,000 രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. തെരഞ്ഞെടുപ്പ് പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക,’ തമാംഗ് പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും അതിനായുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്നും തമാംഗ് കൂട്ടിച്ചേര്‍ത്തു.
ജോലിയില്ലാത്ത അമ്മമാരുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനായാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോവുന്നതെന്നും ഇതിനായി 100 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ബാഹിനി സ്‌കീം. ഒമ്പതാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥിനികളെ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
18,000ലധികം വിദ്യാര്‍ത്ഥിനികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ച് വിദ്യാര്‍ത്ഥിനികളെ ബോധവതികളാക്കുകയും സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും ഒരുക്കുമെന്നും തമാംഗ് കൂട്ടിച്ചേര്‍ത്തു.