ന്യൂദൽഹി: സിക്കിമിലെ തീസ്തയിലെ പ്രളയത്തിൽ 40ഓളം പേർ കൊല്ലപ്പെടുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്‌തെന്ന് റിപ്പോർട്ട്. മൂവായിരത്തോളം വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങിപ്പോയെന്നും റിപ്പോർട്ടുകളുണ്ട്.
നേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനമാണ് സിക്കിമിലെ പ്രളയത്തിന് കാരണമായതെന്ന് സംശയമുണ്ട്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്.
11 പേർ മരണപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. 40ഓളം മരണങ്ങൾ സംഭവിച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും കൃത്യമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 1.30ന് ഉണ്ടായ പ്രളയത്തിൽ വടക്കൻ സിക്കിമിനെ സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിൽ നിന്ന് വേർപ്പെടുത്തി ജനജീവിതം അനിശ്ചിതത്വത്തിലാക്കി. പേമാരിയിൽ ഗ്ലേഷ്യൽ തടാകത്തിലെ ജലം കരകവിഞ്ഞൊഴുകി സമീപത്തെ റോഡുകൾക്കും വീടുകൾക്കുമൊപ്പം അണക്കെട്ട് തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയുമായിരുന്നു.
30 മിനിട്ടുകൾക്കുള്ളിൽ വീടുകളും സമ്പാദ്യങ്ങളുമെല്ലാം കണ്മുന്നിൽ നിന്ന് അപ്രത്യതക്ഷമായെന്ന് സിങ്ടാം നഗരത്തിലെ 70കാരി മിന താമങ് പറഞ്ഞു.
സിക്കിമിനെ പശ്ചിമ ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ ഹൈവേയും ആറോളം മേൽപാലങ്ങളും തകർന്നതായി സിക്കിം സർക്കാർ അറിയിച്ചു. 22 സൈനികർ ഉൾപ്പെടെ 120 പേരെയാണ് കാണാതായത്.
ഒറ്റപ്പെട്ട പ്രദേശമായതിനാൽ മഴയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാൻ പ്രയാസമായിരുന്നുവെന്നും കാലാവസ്ഥ വ്യതിയാനം ഹിമാലയൻ പ്രദേശത്തെ കൂടുതൽ ദുരന്ത ബാധിത മേഖലയാക്കി മാറ്റുന്നുവെന്നും വിദഗ്ധർ പറയുന്നു.
Content Highlight: Sikkim Floods; reports on death toll to 40, 120 missing, 3000 tourists trapped