| Tuesday, 13th August 2019, 5:01 pm

രണ്ടരമാസം മുന്‍പ് പൂജ്യം, ഒറ്റദിവസം കൊണ്ട് 10; സിക്കിമില്‍ അപ്രതീക്ഷിത വളര്‍ച്ചയുമായി ബി.ജെ.പി; ഇനിമുതല്‍ മുഖ്യ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകത്തിനും ഗോവയ്ക്കും പിറകേ വടക്കുകിഴക്കന്‍ മേഖലയിലും രാഷ്ട്രീയ കരുനീക്കങ്ങളുമായി ബി.ജെ.പി. സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം) ഭരിക്കുന്ന സംസ്ഥാനത്ത് പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ്.ഡി.എഫ്) 10 പ്രതിപക്ഷ എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ മുഖ്യ പ്രതിപക്ഷ കക്ഷിയായി ബി.ജെ.പി മാറി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും ജയിക്കാതെയാണ് ബി.ജെ.പിക്ക് ഇപ്പോള്‍ അക്കൗണ്ടില്‍ 10 എം.എല്‍.എമാരെത്തിയത്. ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.

ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്നാണ് 10 എം.എല്‍.എമാരും അംഗത്വം സ്വീകരിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഏക സംസ്ഥാനം കൂടിയായിരുന്നു സിക്കിം.

മറ്റ് ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യമാണ് അധികാരത്തില്‍. സിക്കിമിലൊഴികെ എസ്.കെ.എം ബാക്കി ആറു സംസ്ഥാനങ്ങളിലും ഈ സഖ്യത്തിന്റെ ഭാഗമാണ്.

1994 മുതല്‍ അധികാരത്തിലിരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി 17 സീറ്റുകളോടെയാണ് എസ്.കെ.എം ഭരണത്തിലേറിയത്. എസ്.ഡി.എഫിന് 15 സീറ്റാണു ലഭിച്ചത്. 32 അംഗ നിയമസഭയാണ് സിക്കിമിലേത്.

15 സീറ്റ് ലഭിച്ചിരുന്നെങ്കിലും ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച രണ്ടുപേര്‍ ഈയിടെ രാജിവെച്ചിരുന്നു. 10 ബി.ജെ.പിയിലേക്കു കൂറുമാറുകയും രണ്ടുപേര്‍ രാജിവെയ്ക്കുകയും ചെയ്തതോടെ എസ്.ഡി.എഫിനിപ്പോള്‍ ബാക്കിയുള്ളത് മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ്.

ഒരാള്‍ രാജിവെച്ച എസ്.കെ.എമ്മിന് ഇപ്പോഴുള്ളത് 16 അംഗങ്ങള്‍ മാത്രമാണ്.

സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്.

തുടര്‍ച്ചയായി അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങാണ് അവരുടെ കക്ഷി നേതാവ്. രാജ്യത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രി കൂടിയായിരുന്ന നേതാവാണ് അദ്ദേഹം. ഇപ്പോള്‍ പ്രേംസിങ് തമാങ്ങാണ് മുഖ്യമന്ത്രി.

ഉടന്‍തന്നെ ഒഴിഞ്ഞുകിടക്കുന്ന മൂന്ന് സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് നടക്കുമെന്നാണു കരുതുന്നത്.

We use cookies to give you the best possible experience. Learn more