1984 Sikh Riots
സാംപിത്രോഡയുടെ പ്രസ്താവന: പ്രിയങ്കാ ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയ ഭഗത് സിങ് പ്രതിമയില്‍ ശുദ്ധികലശം നടത്തി ഒരു വിഭാഗം സിഖുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 14, 04:51 pm
Tuesday, 14th May 2019, 10:21 pm

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയ ഭഗത്‌സിങ് പ്രതിമയില്‍ ശുദ്ധികലശം നടത്തി ഒരു വിഭാഗം സിഖുകാര്‍. കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ സിഖ് കലാപത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ശുദ്ധികലശം.

പാലും അമൃത്സറില്‍ നിന്നുള്ള പുണ്യജലവും കൊണ്ടാണ് പ്രതിമ ശുദ്ധീകരിച്ചതെന്ന് പ്രതിഷേധക്കാരിലൊരാളായ പ്രീതം സിങ് ലുത്താര പറഞ്ഞു. പ്രിയങ്കാ ഗാന്ധി പ്രതിമയെ അപമാനിച്ചതായും പ്രതിഷേധക്കാര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച സിഖ് കലാപത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് സാം പിത്രോഡ ‘കഴിഞ്ഞത് കഴിഞ്ഞു’ എന്ന് പറഞ്ഞിരുന്നത്. പ്രസ്താവനയില്‍ പിന്നീടദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രസ്താവനയില്‍ രാഹുല്‍ഗാന്ധിയടക്കം പിത്രോഡയെ തള്ളിപ്പറയുകയും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘1984 ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് സാം പിത്രോഡ പറഞ്ഞത് തെറ്റാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് ചോദിക്കണം. ഞാനിക്കാര്യം സ്വകാര്യമായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാന്‍ പരസ്യമായും പറയുകയാണ്.’ രാഹുല്‍ഗാന്ധി ലുധിയാനയിലെ ഖന്നയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞിരുന്നു.