വാഷിങ്ടണ്‍: വാഷിങ്ടണ്‍ പോലീസിലെ സിഖ് പോലീസുകാര്‍ക്ക് ഇനി മുതല്‍ യൂണിഫോമിനോടൊപ്പം തലപ്പാവ് ധരിക്കാം. വാഷിങ്ടണ്‍ ഡി.സി പോലീസ് ചീഫ് കേത്തി ലേനിയറാണ് പോലീസിലെ പുതിയ മാറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
അതിനുപുറമേ മറ്റേതെങ്കിലും മതങ്ങള്‍ അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ഇനിമുതല്‍ യൂണിഫോമിനോടൊപ്പം ധരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണ്‍ പോലീസിലെ പുതുക്കിയ യൂണിഫോം പോളിസി പ്രകാരമാണ് ഈ മാറ്റം. വാഷിങ്ടണിലെ മേജര്‍ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആദ്യമായി ഈ മാറ്റം വന്നത്.
സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ട് പ്രകാരം സിഖ് ഓഫീസര്‍മാര്‍ക്ക് അവരുടെ യൂണിഫോമിന്റെ അതേ നിറമുള്ള തലപ്പാവ് ധരിക്കാമെന്നാണ് അനുശാസിച്ചിരിക്കുന്നത്.
തലപ്പാവില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബാഡ്ജും ഉണ്ടായിരിക്കണം. സിഖ് പോലീസുകാര്‍ക്ക് താടി വളര്‍ത്തണമെങ്കില്‍ അതിനുള്ള പ്രത്യേക അനുവാദം വാങ്ങിക്കേണ്ടതുണ്ട്. വാഷിങ്ടണ്‍ പോലീസില്‍ മാത്രം 3,800 ഓളം സിഖ് പോലീസുകാരാണ് ജോലിചെയ്യുന്നത്.
ഇത്തരമൊരു തീരുമാനം അവര്‍ക്ക് പ്രചോദനമായിരിക്കുമെന്നാണ് പൊതുവെയുള്ളത വിലയിരുത്തല്‍. കണക്കുപ്രകാരം ഏതാണ്ട് 7,00,000 സിഖുകാര്‍ അമേരക്കയിലുണ്ടെന്നാണ് അറിയുന്നത്.