| Wednesday, 21st March 2018, 8:38 pm

സിഖ് യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പരിശീലനം നല്‍കിയെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിഖ് യുവാക്കള്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം. കാനഡ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ തെറ്റായ പ്രചരണങ്ങളില്‍ വിശ്വസിച്ച് ഇന്ത്യക്കെതിരെ തിരിയുന്നതായും മന്ത്രാലയം പാര്‍ലിമെന്റില്‍ അറിയിച്ചു.

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും ഉപയോഗിച്ച് പ്രചരിക്കുന്ന ഇത്തരം വര്‍ഗ്ഗീയത വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണെന്ന് അഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. “കേന്ദ്ര സായുധ പൊലീസ് സേനയും അഭ്യന്തര സുരക്ഷയും” എന്ന തലക്കെട്ടോടെ മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ പാര്‍ലിമെന്ററി പാനലിന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


Read Also: ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച് ഐ.ബി.എം; വലിപ്പം 1 മില്ലിമീറ്റര്‍, വില ഏഴ് രൂപ


“സിഖ് യുവാക്കള്‍ ഐ.എസ്.ഐയുടെ കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. തൊഴില്‍ രഹിതര്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവരെയാണ് പാക്കിസ്ഥാന്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നത്.”- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച് യുവാക്കള്‍ക്കിടയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്ററി പാനലിനെ നിയമിച്ചത്. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍, സിമി, അല്‍ ഉമ്മ, ലെഷ്‌ക്കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ക്ക് പ്രഥമ പരിഗണന നല്‍കി നിരീക്ഷണം തുടരണമെന്ന് പാനല്‍ നിര്‍ദ്ദേശിച്ചു.

We use cookies to give you the best possible experience. Learn more