വംശീയാധിക്ഷേപം: സിഖ് വംശജന് 50,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചു
World
വംശീയാധിക്ഷേപം: സിഖ് വംശജന് 50,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2013, 11:24 am

[]ന്യൂയോര്‍ക്ക്: വംശീയാധിക്ഷേപത്തിന് ഇരയായ സിഖ് വംശജന് 50,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചു.

മതാചാരത്തിന്റെ ഭാഗമായി താടിവെച്ചതിന്റെ പേരില്‍ ജോലി നിഷേധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നഷ്ടപരിഹാരം. ന്യൂജേഴ്‌സിയിലെ ഒരു കാര്‍ ഡീലര്‍ഷിപ്പിനെതിരെയായിരുന്നു പരാതി നല്‍കിയത്.

കോടതിക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പിലാണ് നഷ്ടപരിഹാരം നല്‍കിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്ത്യന്‍ വംശജനായ ഗുര്‍പീത് എസ് ഖേര ഒരു കാര്‍ ഡീലര്‍ഷിപ്പില്‍ ജോലിക്ക് അപേക്ഷിച്ചു. എന്നാല്‍ താടി വെച്ചു എന്നതിനാല്‍ ജോലി നല്‍കാന്‍ സാധിക്കില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

ജീവനക്കാര്‍ താടി വെക്കരുതെന്ന കമ്പനിയുടെ നയത്തിന് എതിരായതിനാലാണ് ജോലി നിഷേധിക്കുന്നത് എന്നായിരുന്നു ഗുര്‍പീതിന് ലഭിച്ച വിശദീകരണം. ഇതിനെതിരെ ഗുര്‍പീത് നിയമനടപടി സ്വീകരിച്ചു.

അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് കമ്പനി വഴങ്ങുകയായിരുന്നു.