| Monday, 27th December 2021, 11:00 pm

ബാബറിന്റെയും ഔറംഗസേബിന്റെയും പദ്ധതികള്‍ പൊളിച്ചത് സിഖ് ഗുരുക്കന്‍മാരാണ്; തെരഞ്ഞെടുപ്പിന് മുന്നേ സിഖ് പ്രീണനവുമായി യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ തന്ത്രവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിഖ് വിശ്വാസികളെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് യോഗിയുടെ പുതിയ തന്ത്രം.

സിഖ് വിശ്വാസികളുടെ സാഹിബ്‌സാദ ദിവസ് എന്ന ആഘോഷം എല്ലാ ഹിന്ദുക്കളും സ്വന്തം വീട്ടില്‍ നടത്തണമെന്നും, സിഖ് വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കണമെന്നുമാണ് യോഗി പറയുന്നത്.

സാഹിബ്‌സാദ ചടങ്ങ് വീട്ടില്‍ വെച്ച് സംഘടിപ്പിച്ച ശേഷമാണ് യോഗി ഇക്കാര്യം പറഞ്ഞത്. പുതിയ ഇന്ത്യയുടെ നിര്‍മിതിക്ക് സിഖ് സമൂഹം പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗുരു നാനാക് മുതല്‍ ഗുരു ഗോബിന്ദ് സിംഗ് വരെയുള്ള ഗുരുക്കന്‍മാരുടെ ഭക്തിയുടെയും അര്‍പ്പണബോധത്തിന്റെയും ശക്തിയുടെയും കൂടിച്ചേരലായിരുന്നു സിഖ് മതം. അവരുടെ ആചാരങ്ങളാണ് ഇന്ത്യയെ രക്ഷിച്ചത്. സാഹിബ്‌സാദ ദിവസ് എന്നും ദുര്‍ഭരണത്തിനെതിരെ പോരാടാന്‍ കരുത്താകും,’ യോഗി പറഞ്ഞു.

ഇന്ത്യയിലെത്തിയ മുഗള്‍ രാജാക്കന്‍മാര്‍ ഇവിടുള്ളവരെ മുഴുവന്‍ മതം മാറ്റാന്‍ ശ്രമിച്ചുവെന്നും, എന്നാല്‍ അന്നുണ്ടായിരുന്ന സിഖ് ഗുരുക്കന്‍മാരാണ് സനാതനധര്‍മത്തിനെതിരായ പോരാട്ടങ്ങളെ ചെറുത്ത് നിന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

‘ഔറംഗസേബ് സിഖ് ഗുരുക്കന്‍മാരുടെ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞ് ഇസ്‌ലാം മതം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച കാര്യം ഇവിടെ ആര്‍ക്കാണറിയാത്തത്. ഔറംഗസേബ് കാശി ക്ഷേത്രം തകര്‍ത്തെറിഞ്ഞു. എന്നാല്‍ മഹാരാജ രഞ്ജിത് സിംഗ് രണ്ട് ടണ്‍ സ്വര്‍ണം കൊണ്ടുവന്ന് കാശിയെ സുവര്‍ണ കാശിയാക്കി മാറ്റുകയായിരുന്നു,’ യോഗി പറഞ്ഞു.

സിഖ് സമൂഹത്തിന്റെ സേവനങ്ങളെ പ്രശംസിച്ച യോഗി അവരുടെ നേട്ടങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ ജാതി-മത വോട്ടുബാങ്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് മോദിയും യോഗിയും. ഇതിന്റെ ഭാഗമായി കാശിയില്‍ ശതകോടികളുടെ പദ്ധതിയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

മതവും വിശ്വാസവും മുന്‍നിര്‍ത്തി കരുനീക്കിയാല്‍ ഇത്തവണയും യു.പി കൂടെ നില്‍ക്കുമെന്നാണ് ഇരുവരും കരുതുന്നത്. അതോടൊപ്പം തന്നെ യു.പിയിലെ ഭരണം നിലനിര്‍ത്തുകയെന്നത് ഇരുവരുടെയും രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായതിനാല്‍ എന്ത് വിലകൊടുത്തും ഭരണം നിലനില്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sikh gurus thwarted plans of Mughal rulers, says Yogi Adithyanath

We use cookies to give you the best possible experience. Learn more