| Saturday, 1st December 2018, 8:09 pm

മുസ്‌ലിം സുഹൃത്തിന് വൃക്ക നല്‍കാന്‍ നിയമ സഹായം തേടി സിഖ് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: വൃക്കകള്‍ തകരാറിലായ സഹപാഠിയായ മുസ്‌ലിം സുഹൃത്തിന് സ്വന്തം വൃക്ക നല്‍കുന്നതിനായി കോടതിയുടെ സഹായം തേടാനൊരുങ്ങി സിഖ് യുവതി. ജമ്മു കശ്മീര്‍ സ്വദേശിനിയായ മന്‍ജോത് സിങ് കോഹ്‌ലിയാണ് വൃക്ക ദാനത്തിന് തയാറായിരിക്കുന്നത്.

എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടപടികള്‍ക്ക് കാലതാമസം വരുത്തുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മന്‍ജോത് സിങ്.


മന്‍ജോത് സിങിന്റെ സുഹൃത്ത് രജൗരി ജില്ലയില്‍ നിന്നുള്ള സംറീന്‍ അക്തര്‍ വൃക്കകള്‍ തകരാറിലായി ഷെര്‍ എ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികില്‍സയിലാണ്. ഡോക്ടര്‍മാരുടെ പാനല്‍ ഇരുവരുമായി സംസാരിക്കുകയും പരിശോധനകള്‍ നടത്തുകയും വൃക്ക ദാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ അനാവശ്യമായ പല പ്രതിബന്ധങ്ങളും ഉയര്‍ത്തിക്കൊണ്ട് വൃക്ക നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിക്കുകയാണെന്ന് ഇരുവരും ആരോപിക്കുന്നു.

ദാതാവ് മറ്റൊരു മതത്തില്‍ നിന്നുള്ള ആളാണെന്നതിനാലും കുടുംബം ഇക്കാര്യത്തെ എതിര്‍ക്കുന്നതിനാലും ആശുപത്രി അധികൃതര്‍ ഭയത്തിലാണെന്ന് കരുതുന്നതായി മന്‍ജോത് സിങ് കോഹ്‌ലി പറഞ്ഞു.


മന്‍ജോത് സിങിന്റെ കുടുംബം വൃക്കദാനത്തിന് സമ്മതമില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടെന്നും മന്‍ജോത് പറഞ്ഞു. താന്‍ അഭിഭാഷകനായ സുഹൃത്തിനെ സമീപിച്ചിട്ടുണ്ടെന്നും ശനിയാഴ്ച കോടതിയെ സമീപിക്കുമെന്നും മന്‍ജോത് പറഞ്ഞു.

അതേസമയം, തങ്ങളാല്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ആശുപത്രിയിലെ ഡോ. ഉമര്‍ ഷാ പറഞ്ഞു. ചില നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്ന് അംഗീകാര സമിതി അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more