| Wednesday, 22nd August 2018, 8:16 am

ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ധീരതയ്ക്കുള്ള മെഡല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ നിന്ന് മുസ്‌ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ധീരതയ്ക്കുള്ള പുരസ്‌കാരം. സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപിനാണ് ഉത്തരാഖണ്ഡ് പൊലീസ് സേനയുടെ ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് 22 ന് ഉത്തരാഖണ്ഡിലെ ഗിരിജദേവി ക്ഷേത്രസമുച്ചയത്തില്‍വെച്ച് മുസ്‌ലിം യുവാവ് തന്റെ പെണ്‍സുഹൃത്തായ ഹിന്ദു യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്.

ആള്‍ക്കൂട്ട വിചാരണ ഉറപ്പായ സന്ദര്‍ഭത്തിലാണ് സംഭവം അറിഞ്ഞെത്തിയ എസ്.ഐ. ഗഗന്‍ദീപ് സിങ്ങ് യുവാവിനെ ജനക്കൂട്ടത്തിനിടയില്‍നിന്ന് രക്ഷിക്കുന്നത്. ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകരാണ് യുവാവിനെയും യുവതിയെയും വളഞ്ഞുവയ്ക്കുകയും യുവാവിനുനേരെ കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തത്.

ALSO READ: വിദേശ നാണ്യത്തില്‍ കേരളത്തിന്റെ സംഭാവന കേന്ദ്രം കണക്കിലെടുക്കണം; സംസ്ഥാനത്തോടുള്ള ചിറ്റമ്മ നയം മാറ്റണമെന്നും അസദുദ്ദീന്‍ ഒവൈസി

സംഭവമറിഞ്ഞെത്തിയ എസ്.ഐ. ഗഗന്‍ദീപ് ജനക്കൂട്ടത്തെ ഒറ്റയ്ക്ക് എതിരിട്ട് യുവാവിനെ രക്ഷിക്കുകയായിരുന്നു. ജനക്കൂട്ടം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും യുവാവിനെ ഓഫിസര്‍ വിട്ടുകൊടുത്തില്ല. തുടര്‍ന്ന് പൊലീസിനെതിരെ ജനക്കൂട്ടം പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും യുവാവുമായി പൊലീസ് പുറത്തുപോകാതിരിക്കാന്‍ ക്ഷേത്രത്തിന്റെ ഗേയ്റ്റ് അടയ്ക്കുകയും ചെയ്തു.

പ്രകോപിതരായ ജനക്കൂട്ടം യുവാവിനെ മര്‍ദിക്കും എന്നുറപ്പായതിനാല്‍ യുവാവിനെ ചേര്‍ത്തുപിടിച്ചാണ് സിഖ് സമുദായാംഗമായ സബ് ഇന്‍സ്‌പെക്ടര്‍ യുവാവിന് രക്ഷകനായത്. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

യുവാവിനെ പൊലീസുകാരന്‍ രക്ഷിക്കുന്നതിന്റെ വീഡിയോ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗഗന്‍ദീപിനും മര്‍ദനമേറ്റിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അടക്കമുള്ളവര്‍ ഗഗന്‍ദീപ് സിങ്ങിനെ അഭിനന്ദിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more