| Thursday, 30th August 2012, 9:32 am

അജയ് ദേവ്ഗണിനെതിരെ നടപടിയെടുക്കണമെന്ന് സിഖുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെതിരെ നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ സിഖ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍. സണ്‍ ഓഫ് സര്‍ദാര്‍ എന്ന ചിത്രത്തില്‍ സിഖുകാരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് എ.ഐ.എസ്.എസ്.എഫ് അജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. []

അകാല്‍ താക്ത് നേതാവ് ഗോര്‍ബച്ചന്‍ സിങ്ങിനെഴുതിയ കത്തിലാണ് അജയ് ദേവ്ഗണിനെതിരെ നടപടിയെടുക്കണമെന്ന് സിഖ് എ.ഐ.എസ്.എസ്.എഫ് പ്രസിഡന്റ് കര്‍ണൈല്‍ സിങ് ആവശ്യപ്പെടുന്നത്. സിക്കുകാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് അദ്ദേഹം കത്തില്‍ ആരോപിക്കുന്നത്.

നവംബറിലാണ് സണ്‍ ഓഫ് സര്‍ദാര്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലും അതിന്റെ ട്രെയ്‌ലറുകളിലും സിഖുമതത്തെക്കുറിച്ച് മോശമായ പരാമര്‍ശമുണ്ടെന്ന് കര്‍ണൈല്‍ സിങ് ആരോപിക്കുന്നു.

ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് കേസും എ.ഐ.എസ്.എസ്.എഫ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഖുകാരെ മോശമായി ചിത്രീകരിക്കുന്ന സീനുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ണൈല്‍ സിങ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക്‌ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

“ചിത്രത്തില്‍ നായക കഥാപാത്രം സിഖ് ടര്‍ബന്‍ ധരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ ഹിന്ദു ദേവന്റെ ടാറ്റൂ പതിച്ചിട്ടുണ്ട്. ഇത് സിഖ്  ആചാരങ്ങള്‍ക്കെതിരാണ് ” കര്‍ണൈല്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more