ഐ.സി.സി വേള്‍ഡ് കപ്പിന്റെ ക്വാളിഫയര്‍ മത്സരത്തില്‍ സിംബാബ്‌വേക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ പുറത്തെടുക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും മുമ്പ് നടന്ന നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലും റാസ ബാറ്റുകൊണ്ടും പന്ത് കൊണ്ടും വിരുത് കാട്ടിയിരുന്നു.
ജൂണ്‍ 20ന് ഹരാരെയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് റാസ ഷെവ്‌റോണ്‍സ് നിരയില്‍ നിര്‍ണായകമായത്. 54 പന്തില്‍ നിന്നും പുറത്താകാതെ 102 റണ്‍സ് നേടിയ റാസ ബൗളിങ്ങിലും തിളങ്ങി.
പത്ത് ഓവറില്‍ 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് സിക്കന്ദര്‍ റാസ സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് പിന്നാലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.
*⃣ 4/55 with the ball ☝️
*⃣ 102* off 54 with the bat 🏏For his brilliant display in #ZIMvNED,@SRazaB24 is the @aramco Player of the Match 👏 #CWC23 pic.twitter.com/YVBVoxvfJO
— Zimbabwe Cricket (@ZimCricketv) June 20, 2023
ഈ മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂണ്‍ 24ന് ഹരാരെയില്‍ നടന്ന മത്സരത്തില്‍ ആരാധകര്‍ കണ്ടത്. ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ ഒന്നിലും ഏഴിലും നില്‍ക്കവെ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ കൈവിട്ടുകളഞ്ഞപ്പോള്‍ ലഭിച്ച ലൈഫ് കൃത്യമായി മുതലാക്കിയ റാസ ബാറ്റിങ്ങില്‍ കത്തിക്കയറിയിരുന്നു. 58 പന്തില്‍ നിന്നും 68 റണ്‍സാണ് റാസ നേടിയത്. എട്ട് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും താരം തിളങ്ങി.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം റാസ സ്വന്തമാക്കുകയായിരുന്നു.
.@aramco Player of the Match, for his 68 from 58 balls, and two catches, is @SRazaB24! 👏#ZIMvWI | #CWC23 pic.twitter.com/XVmnzQvw8q
— Zimbabwe Cricket (@ZimCricketv) June 24, 2023
വിന്‍ഡീസിനെതിരായ മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും റാസയെ തേടിയെത്തിയിരിക്കുകയാണ്. സിംബാബ് വേക്കായി ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനായാണ് റാസയെത്തയിരിക്കുന്നത്.
ഷെവ്‌റോണ്‍സ് ഇതിഹാസ താരങ്ങളായ ഫ്‌ളവര്‍ ബ്രദേഴ്‌സിനൊപ്പമാണ് റാസ സ്ഥാനം പിടിച്ചിരിക്കുന്നത്. ആന്‍ഡി ഫ്‌ളവറിന്റെ റെക്കോഡിനൊപ്പമെത്തിയ റാസക്ക് ഒരു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൂടി നേടാന്‍ സാധിച്ചാല്‍ ഒന്നാമതുള്ള ഗ്രാന്‍ഡ് ഫ്‌ളവറിന്റെ റെക്കോഡിനൊപ്പവുമെത്താം.
സിംബാബ്‌വേക്കായി ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങള്‍
ഗ്രാന്‍ഡ് ഫ്‌ളവര്‍ – 12
സിക്കന്ദര്‍ റാസ 11*
ആന്‍ഡി ഫ്‌ളവര്‍ – 11
വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ അമേരിക്കക്കെതിരെയാണ് സിംബാബ്‌വേയുടെ അവസാന മത്സരം. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ ഷെവ്‌റോണ്‍സ് വിജയിക്കുമെന്നും ലോകകപ്പിനായി ഇന്ത്യയിലേക്ക് പറക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ആറ് പോയിന്റോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഷെവ്‌റോണ്‍സ്. പട്ടികയില്‍ നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്തും വിന്‍ഡീസ് മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായി നാല് പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്.
തിങ്കളാഴ്ച തകാഷിങ്ക ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിന്‍ഡീസും നെതര്‍ലന്‍ഡ്‌സും പരസ്പരം കൊമ്പുകോര്‍ക്കും. വിജയിക്കുന്നവര്‍ക്ക് ലോകകപ്പിന് വഴിതുറക്കുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ഇരുവരുമിറങ്ങുക.
Content Highlight: Sikendar Raza equals record of Flower Brothers