| Wednesday, 13th September 2017, 1:24 pm

സിക്കര്‍: സി.പി.ഐ.എം തുടക്കമിട്ട കര്‍ഷക സമരം കര്‍ഷകര്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമരമായി മാറിയത് ഇങ്ങനെയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വസുന്ധരാ രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ശവയാത്രിയില്‍ 10,000 ത്തിലേറെ സ്ത്രീകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. സ്ത്രീകള്‍ പരമ്പരാഗത വസ്ത്രമായ ചുവന്ന സാരിയുടുത്തായിരുന്നു ശവയാത്രയ്‌ക്കെത്തിയത്. ഇത്രയും ജനപങ്കാളിത്തമുള്ള സമാധാനപൂര്‍ണമായ റാലി ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ല എന്ന് ആളുകളും മാധ്യമങ്ങളും അഭിപ്രായപ്പെടുന്ന തരത്തിലായിരുന്നു റാലിയിലെ പങ്കാളിത്തം.


കഴിഞ്ഞകാലങ്ങളില്‍ പലതവണയായി ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ ഇടമാണ് രാജസ്ഥാനിലെ  സിക്കര്‍. പക്ഷെ ഇന്ന് അവിടെ നടക്കുന്നതുപോലൊരു സമരം മുമ്പെങ്ങുമുണ്ടായിട്ടില്ല. ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം മധ്യവര്‍ഗം അതിനെക്കുറിച്ച് പരാതിപ്പെടുന്നതാണ് നമ്മള്‍ കണ്ടുവരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി 11 ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി നടക്കുന്ന ഈ കര്‍ഷക പ്രക്ഷോഭത്തിന് ആ മേഖലയിലെ ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വരെ നല്ല പിന്തുണയാണ് ലഭിക്കുന്നത്.

ഇത് വെറുമൊരു കര്‍ഷക സമരം എന്നതില്‍ നിന്ന് ഇതിനകം തന്നെ മാറിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കര്‍ഷകര്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ സമരമാണ്. ഇന്ന്  സിക്കര്‍ ജനതയൊന്നടങ്കം പിന്തുണയ്ക്കുന്ന ഈ പ്രക്ഷോഭം കര്‍ഷകര്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടമായി മാറിയത് ഇങ്ങനെയാണ്.
2017 ജൂണ്‍- 17

സിക്കറിലെ കൃഷി ഉപജ് മന്ദിയുടെ യോഗം ഓള്‍ ഇന്ത്യാ കിസാന്‍ സഭ വിളിച്ചുചേര്‍ക്കുന്നു. യോഗത്തില്‍ രാജസ്ഥാനിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്. ഇനിയെങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അവര്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തു. യോഗത്തിനുശേഷം മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ അംറ റാം ജൂലൈ 17ന് ഒരു കര്‍ഷക കര്‍ഫ്യൂവിന് ആഹ്വാനം നല്‍കി.

കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍  സിക്കര്‍ ജില്ലയിലെമ്പാടും കാമ്പെയ്ന്‍ ആരംഭിച്ചു. അംറ റാമും മറ്റൊരു പ്രമുഖ നേതാവായ പേമ റാമുമായിരുന്നു. 343 പഞ്ചായത്തുകളിലായി ആയിരത്തിലേറെ ഗ്രാമങ്ങളുള്ള ആ ജില്ല മുഴുവന്‍ അവര്‍ പ്രചരണം നടത്തി.

ജൂലൈ 17

കൃഷി ഉപജ് മന്ദിയുടെ ആദ്യ യോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ജൂലൈ 17ന് രാവിലെ എട്ടുമുതല്‍ ഉച്ചവരെ കര്‍ഷകര്‍ നടത്തിയ കര്‍ഫ്യൂ പൂര്‍ണ വിജയമായി. കര്‍ഫ്യൂ നടപ്പിലാക്കാന്‍ കര്‍ഷകര്‍ 40 ഓളം ഒത്തുചേരല്‍ ഇടങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ച് പൊലീസ് സ്റ്റേഷനുകളിലൂടെ നടപ്പിലാക്കുന്ന പൊലീസ് ചൗക്കിയെ പരഹസിച്ചുകൊണ്ട് അവരതിനെ “കിസാന്‍ ചൗകി” എന്നാണ് വിളിച്ചത്. സര്‍ക്കാര്‍ ഓഫീസര്‍മാര്‍ യാത്ര ചെയ്യുന്നത് തടയുകയെന്നതായിരുന്നു കര്‍ഫ്യൂ വഴി ലക്ഷ്യമിട്ടത്.

ഈ കര്‍ഫ്യൂ ദിനത്തില്‍ അംറ റാമും പേമ റാമും സര്‍ക്കാറിന് 10 ദിവസത്തെ സാവകാശം നല്‍കി. അതിനുള്ളില്‍ തങ്ങളുമായി ചര്‍ച്ച നടത്തണം എന്നായിരുന്നു കിസാന്‍ സഭയുടെ നിര്‍ദേശം. ചര്‍ച്ച വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ജൂലൈ 27ന് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ജൂലൈ 27

ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൃഷി ഉപജ് മന്ദിയും കിസാന്‍ സഭയുടെ സ്റ്റേറ്റ് കമ്മിറ്റിയും യോഗം ചേര്‍ന്നു. ആഗസ്റ്റ് ഒമ്പതിന് രാജസ്ഥാനിലെ കര്‍ഷരെല്ലാം തെഹ്‌സില്‍ ഹെഡ്ക്വാട്ടേഴ്‌സിലെത്തി കൂട്ട അറസ്റ്റുവരിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ഈ തീരുമാനത്തിനുശേഷം 13 ദിവസവും സംസ്ഥാനമെമ്പാടും വ്യാപകമായ പ്രചരണവും നടത്തി.

ആഗസ്റ്റ് 9

രാജസ്ഥാനിലെ കര്‍ഷകരെല്ലാം കൂട്ട അറസ്റ്റിന് തയ്യാറായി. സികാറിലെ ആയിരത്തിലേറെ കര്‍ഷകരാണ് അറസ്റ്റുവരിക്കാന്‍ തയ്യാറായത്.

ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു

ആഗസ്റ്റ് 18

കിസാന്‍ സഭ സംസ്ഥാന കമ്മിറ്റിയും കൃഷി ഉപജ് മന്ദിയും യോഗം ചേരുകയും പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അവര്‍ “മഹാപടവിന്” (കുത്തിയിരിപ്പ് സമരം)ന് ആഹ്വാനം ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കര്‍ഷകര്‍ അതത് ജില്ലാ ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പാകെ കുത്തിയിരിപ്പ് സമരം നടത്താന്‍ പ്രഖ്യാപിച്ചു.

സംസ്ഥാന വ്യാപകമായി മറ്റൊരു കൂട്ടം കാമ്പെയന്‍ കൂടി ആരംഭിച്ചു. മുമ്പത്തേതില്‍ നിന്നും ഇതിന് ഒരു വ്യത്യാസമുണ്ടായിരുന്നു. നേരത്തെ അംറ റാമും പേമ റാമുമാണ് കാമ്പെയന്‍ നയിച്ചതെങ്കില്‍ പുതിയ കാമ്പെയന്‍ കിസാന്‍ സഭയുടെ ഗ്രാമ കമ്മിറ്റികള്‍ ഏറ്റെടുത്തു. കിസാന്‍ സഭ അംഗങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സന്ദര്‍ശനം നടത്തി. അവര്‍ ജനങ്ങളില്‍ നിന്നും പണവും ഗോതമ്പും ശേഖരിച്ചു. ഗ്രാമീണര്‍ വളരെ ഉദാരമായാണ് അവരെ സഹായിച്ചത്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെയും സംഘടനകളിലെയും പ്രാദേശിക നേതാക്കളും ഈ ഉദ്യമത്തില്‍ പങ്കാളികളായി.

സെപ്റ്റംബര്‍ 1

കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും കൃഷി ഉപജ് മന്ദിയില്‍ നിറയ്ക്കാന്‍ തുടങ്ങി. മന്ദിയുടെ ടിന്‍ ഷെഡിനു കീഴില്‍ അവര്‍ കഴിഞ്ഞു. 15000ത്തോളം കര്‍ഷകര്‍ കലക്ട്രേറ്റ് ഓഫീസിനുനേരെ സമാധാനപരമായി മാര്‍ച്ചു ചെയ്യുകയും ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രി വസുന്ധരാ രാജെയ്ക്കും തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. അവര്‍ കൃഷി മന്ദിയിലേക്ക് തിരിച്ചെത്തി കാമ്പെയ്ന്‍ ആരംഭിച്ചു.

കര്‍ഷകരെ പിന്തുണച്ച് രംഗത്തുവരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും അംറ റാം പരസ്യമായി ആവശ്യപ്പെട്ടു. ഇതൊരു പാര്‍ശ്വവര്‍ത്തി പോരാട്ടമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സെപ്റ്റംബര്‍ 2

കൃഷി ഉപജ് മന്ദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമയക്രമം വന്നു. 11.30 മുതല്‍ പൊതുയോഗം “ആം സഭ” ആരംഭിക്കും. കര്‍ഷക നേതാക്കള്‍ കൂടിയിരിക്കുന്ന കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കും. വൈകുന്നേരം അഞ്ചു മണിവരെ ആം സഭ തുടരും. അതിനുശേഷം ക്യാമ്പുകളില്‍ ചെറിയ ചെറിയ യോഗം നടക്കും. എല്ലാ കര്‍ഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണിത്. ഈ പദ്ധതി നടപ്പിലായതോടെ ഭാവി പരിപാടികള്‍ കര്‍ഷകര്‍ നേരിട്ടു തീരുമാനിക്കുന്ന രീതി വന്നു. ചെറു യോഗങ്ങള്‍ക്കുശേഷമുള്ള ദിവസം ആം സഭ ചര്‍ച്ച ചെയ്തത് അത്തരം ചെറു യോഗങ്ങളില്‍ ഉയര്‍ന്ന അഭിപ്രായങ്ങളാണ്.

രാവിലെ ഒമ്പതു മണിക്ക് കര്‍ഷകര്‍ കലക്ടറുടെ വസതിയ്ക്കുനേരെ മാര്‍ച്ചു നടത്തി. “ഭരണവര്‍ഗത്തിന്റെ സമാധാനപരമായ ഉറക്കം കെടുത്താനായിരുന്നു” അവരുടെ മാര്‍ച്ച്. റാലിയ്ക്കിടയിലൂടെ ആംബുലന്‍സും മറ്റ് വാഹനങ്ങളും കടത്തിവിട്ട് പൊലീസ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അംറ റാം കര്‍ഷകരോട് ആംബുലന്‍സിനും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സ്ഥലം നല്‍കാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിച്ച് സമാധാനപരമായി നീങ്ങുകയും ചെയ്തു. ജനങ്ങളെ ശല്യം ചെയ്യാനല്ല ഭരണകൂടത്തെ ഉണര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. പിറ്റേദിവസം പ്രാദേശിക മാധ്യമങ്ങളും പ്രദേശവാസികളും ഈ സമാധാനപരമായ പ്രക്ഷോഭത്തെ ഏറെ പുകഴ്ത്തുകയുണ്ടായി.

സെപ്റ്റംബര്‍ 3

ആംസഭയ്ക്കും യോഗങ്ങള്‍ക്കും പുറമേ എന്റര്‍ടൈന്‍മെന്റിനായി കര്‍ഷകര്‍ കവി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിറ്റേദിവസം വസുന്ധര രാജെയുടെ ശവ യാത്ര നടത്താനും തീരുമാനിച്ചു.
ആ രാത്രി തന്നെ ഗ്രാമത്തിലെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞു.

സെപ്റ്റംബര്‍ 4

വസുന്ധരാ രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ശവയാത്രിയില്‍ 10,000 ത്തിലേറെ സ്ത്രീകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. സ്ത്രീകള്‍ പരമ്പരാഗത വസ്ത്രമായ ചുവന്ന സാരിയുടുത്തായിരുന്നു ശവയാത്രയ്‌ക്കെത്തിയത്. ഇത്രയും ജനപങ്കാളിത്തമുള്ള സമാധാനപൂര്‍ണമായ റാലി ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ല എന്ന് ആളുകളും മാധ്യമങ്ങളും അഭിപ്രായപ്പെടുന്ന തരത്തിലായിരുന്നു റാലിയിലെ പങ്കാളിത്തം.

ബിസിനസുകാരും കച്ചവടക്കാരും മറ്റു വിഭാഗങ്ങളുമെല്ലാം കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് അവര്‍ക്കൊപ്പം പങ്കുചേര്‍ന്നു. അത് പിന്നീട് വെറും കര്‍ഷക സമരം മാത്രമല്ലായിരുന്നു, മറിച്ച് കര്‍ഷകര്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ സമരമായി മാറി.

സെപ്റ്റംബര്‍ 5

കര്‍ഷകരുടെ പ്രക്ഷോഭത്തിന് സാമ്പത്തിക സഹായവുമായി മറ്റ് സംഘടനകളും യൂണിയനുകളും രംഗത്തുവന്നു. 500ലേറെ ട്രാക്ടറുകളും ട്രോളികളുമായി ഇഷ്ടിക നിര്‍മ്മാതാക്കളുടെ യൂണിയനും കര്‍ഷര്‍ക്കൊപ്പം ചേര്‍ന്നു.

സെപ്റ്റംബര്‍ 6

കൃഷി ഉപജ് മന്ദിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് ബിസിനസുകാരും കച്ചവടക്കാരും മുന്നോട്ടുവന്നു. അന്നുമുതല്‍ ഇതുവരെ ബിസിനസ് രംഗത്തെ വിവിധയാളുകള്‍ ഭക്ഷണവും ശുദ്ധജലവും ഉറപ്പുവരുത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പിറ്റേദിവസം ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ പറയുന്ന ദിവസം പാല്‍ വിതരണം നിര്‍ത്തിവെച്ചുകൊണ്ട് സമരത്തില്‍ പങ്കുചേരുമെന്ന് പാല്‍വിതരണ യൂണിയനുകളും പ്രഖ്യാപിച്ചു.

അന്ന് രാത്രി എട്ടരയ്ക്ക് മെഴുകുതിരി വെട്ടത്തില്‍ കര്‍ഷകര്‍ മാര്‍ച്ചു നടത്തുകയും ചെയ്തു.

സെപ്റ്റംബര്‍ 7

കര്‍ഷകര്‍ ബന്ദ് നടത്തി. സികാര്‍ സിറ്റി നിശ്ചലമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ കച്ചവടക്കാരും മറ്റും നല്‍കിയ പിന്തുണ  സിക്കര്‍ സിറ്റിയ്ക്ക് പുറത്തും ബന്ദ് വിജയിപ്പിക്കാന്‍ സഹായകരമായി. അന്ന് നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം അടച്ചുപൂട്ടി. കിസാന്‍ സഭയുടെ ഒരു കാമ്പെയ്‌നോ ഇടപെടലോ ഒന്നും തന്നെ ഇല്ലാതെയായിരുന്നു ഈ സമരവിജയം.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിറ്റി ബസ് യൂണിയന്‍ മാര്‍ച്ച് നടത്തി. നൂറുകണക്കിന് ബസുകളാണ് ഈ മാര്‍ച്ചില്‍ അണിനിരന്നത്. പിന്നീട് പിന്തുണയുമായി ആംബുലന്‍സ് യൂണിയനും, ഓട്ടോറിക്ഷാ യൂണിയനുകളും രംഗത്തുവന്നു. കര്‍ഷകര്‍ ആവശ്യപ്പെടുന്ന ദിവസം ബിസിനസ് നിര്‍ത്തി സമരത്തിന് തയ്യാറാണെന്ന പാല്‍വിതരണക്കാരുടെ യൂണിയന്‍ നല്‍കിയ അതേ ഉറപ്പ് ഇവരും കര്‍ഷകര്‍ക്കു നല്‍കി.

സെപ്റ്റംബര്‍ 8

സര്‍ക്കാറിന് ഇടപെടാന്‍ രണ്ടുദിവസം കൂടി നല്‍കുന്നുവെന്ന് അംറ റാം പ്രഖ്യാപിച്ചു. എന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെങ്കില്‍ സെപ്റ്റംബര്‍ 11 മുതല്‍ എല്ലാം അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. പുരുഷന്മാര്‍ കലക്ട്രേറ്റിലേക്കു മാര്‍ച്ച് നടത്തുമ്പോള്‍ സ്ത്രീകള്‍ അവരവരുടെ ഗ്രാമങ്ങളിലെ എല്ലാ റോഡുകളും ഉപരോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി. “നിര്‍മ്മിച്ചതും നിര്‍മ്മിക്കാനിരിക്കുന്നതുമായ എല്ലാ റോഡുകളും അടച്ചുപൂട്ടിയിരിക്കും” എന്നായിരുന്നു ഭീഷണി.

സെപ്റ്റംബര്‍ 9

സിക്കര്‍ നഗരമെമ്പാടുമായി 100ലേറെ ഡി.ജെ ട്രക്കുകളുള്ള സികാര്‍ ഡി.ജെ യൂണിയന്‍ കൃഷി മന്ദിയിലെത്തി. അംറ റാമിനെയും പേമ റാമിനെയും കിസാന്‍ സഭയെയും കുറിച്ചുള്ള ഗാനങ്ങള്‍ നഗരത്തെ ഇളക്കിമറിച്ചു. നഗരത്തിലെ സ്ത്രീകളെല്ലാം ഈ കാഴ്ച മൊബൈലില്‍ പകര്‍ത്തിക്കൊണ്ട് അവരവരുടെ ടെറസുകളില്‍ വന്നുനിന്നു.

സെപ്റ്റംബര്‍ 10

കര്‍ഷകര്‍ക്ക് പിന്തുണയുമായി 50ലേറെ സംഘടനകള്‍ കടന്നുവന്നു. പ്രക്ഷോഭത്തിന്റെ ജനപിന്തുണ മനസിലാക്കി മറ്റുചില രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്ഖളും ഐക്യദാര്‍ഢ്യം അറിയിച്ചു. അവര്‍ ആം സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

ഒടുക്കം ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കര്‍ഷകരോട് പിറ്റേദിവസം ചര്‍ച്ചയ്ക്കായി കലക്ട്രേറ്റില്‍ എത്താന്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 11

നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം സ്ത്രീകള്‍ ജില്ലയിലെ എല്ലാ റോഡുകളും ഉപരോധിച്ചു. ബന്ദ് നടപ്പിലാക്കാന്‍ പണിയായുധങ്ങളുമായി സ്ത്രീകള്‍ റോഡിലെത്തുകയായിരുന്നു. ഗ്രാമത്തിലേക്കും ഗ്രാമത്തില്‍ നിന്നും പുറത്തേക്കുമുള്ള എല്ലാ റോഡുകളും അവര്‍ അടച്ചു.

ആ സമയത്ത് ഇങ്ങ് നഗരത്തില്‍, മന്ദിയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകര്‍ ഭരണകൂടം ആവശ്യപ്പെട്ടതു പ്രകാരം കലക്ട്രേറ്റിലേക്കു ചര്‍ച്ചയ്ക്കായി നീങ്ങി. എന്നാല്‍ മന്ദിയ്ക്ക് അരികിലായി പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എല്ലായിടത്തും പൊലീസുണ്ടായിരുന്നു. പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് അടച്ചുപൂട്ടുകയും ചെയ്തു. പൊലീസിനെ ഉപയോഗിച്ച് ഇവരെ നേരിടാമെന്ന തരത്തിലായിരുന്നു ഭരണകൂടത്തിന്റെ സമീപനം.

എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ കര്‍ഷകരെല്ലാം തന്നെ ബാരിക്കേഡിനടുത്തു നിന്നു. ഭരണകൂടം ചര്‍ച്ചയ്ക്ക് അവസരം നല്‍കാതായതോടെ അവര്‍ കുത്തിയിരിപ്പു സമരം തുടര്‍ന്നു. സ്ത്രീകള്‍ റോഡ് ഉപരോധവും. ഇതോടെ സെപ്റ്റംബര്‍ 12ന് വൈകുന്നേരം അഞ്ചുമണിയ്ക്ക് കര്‍ഷകരോട് ചര്‍ച്ചയ്ക്കായി എത്താന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

“സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നതുവരെ ഞങ്ങള്‍ എഴുന്നേല്‍ക്കില്ല” എന്നായിരുന്നു പോരാട്ടവീര്യത്തോടെ റോഡുകള്‍ ഉപരോധിക്കുന്ന സ്ത്രീകള്‍ പറഞ്ഞത്.

മന്ദിയിലും കര്‍ഷകര്‍ ഉറച്ച നിലപാടിലാണ്. ഷെഡുകളിലും റോഡുകളിലുമായി അവര്‍ കഴിയുകയാണ്. ശാരീരികമായും മാനസികമായും ആ കര്‍ഷകര്‍ തകര്‍ന്നിട്ടില്ല. അവര്‍ മുദ്രാവാക്യങ്ങളും വിപ്ലവഗാനങ്ങളും, ചെങ്കൊടികളും വര്‍ധിച്ച ഇച്ഛാശക്തിയോടെ പൊരുതുകയാണ്.

We use cookies to give you the best possible experience. Learn more