ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്ന് മത്സരത്തിലും വിജയിച്ച് പരമ്പര വൈറ്റ്‌വാഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഹരാരെയില്‍ നിന്നും തിരികെ വിമാനം കയറുന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സൂപ്പര്‍ സെഞ്ച്വറിയുടെ ബലത്തില്‍ 298 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഗില്ലിന് പുറമെ അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷനും 40 റണ്‍സുമായി പുറത്തായ ധവാനും ഇന്നിങ്‌സിലേക്ക് കാര്യമായി സംഭാവന ചെയ്തു.
ആദ്യ രണ്ട് മത്സരത്തിലും സിബാബ്‌വേ 200 കടക്കാത്തതിനാല്‍ ഇന്ത്യയുടെ വിജയം ആരാധകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ ചിന്തയെ വേരോടെ പിഴുതെറിഞ്ഞ പ്രകടനമായിരുന്നു സിംബാബ്‌വേ താരങ്ങള്‍ പുറത്തെടുത്തത്.
റണ്‍സെടുക്കാനാവാതെ സിംബാബ്‌വേ ബാറ്റര്‍മാര്‍ പതറി നിന്നപ്പോള്‍ ഇന്നിങ്‌സിന്റെ നെടുനായകത്വം സൂപ്പര്‍ താരം സിക്കന്ദര്‍ റാസ ഏറ്റെടുക്കുകയായിരുന്നു. 95 പന്തില്‍ നിന്നും 115 റണ്‍സാണ് താരം സ്വന്തമാക്കിയത്.
റാസ നിലയുറപ്പിച്ചതോടെ ഷെവ്‌റോണ്‍സ് ഇന്നിങ്‌സ് പറപറന്നു. ബംഗ്ലാ കടുവകളുടെ പല്ലടിച്ചുകൊഴിച്ച ഷെവ്‌റോണ്‍സിന്റെ സൂപ്പര്‍ ഹീറോ ഹരാരെയില്‍ ഒരിക്കല്‍ക്കൂടി അവതരിച്ച കാഴ്ചക്കായിരുന്നു സിംബാബ്‌വേ ആരാധകര്‍ സാക്ഷിയായത്.
റാസയുടെ ബാറ്റില്‍ നിന്നും ഫോറും സിക്‌സറും പറപറന്നതോടെ ഒരുവേള ഇന്ത്യ ഭയന്നിരുന്നു. എന്നാല്‍ ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഇന്ത്യയുടെ വണ്ടര്‍ ബോയ് ശുഭ്മന്‍ ഗില്‍ പറന്നുപിടിച്ചതോടെ ആ വീരേതിഹാസത്തിന് അന്ത്യമായി.
സിംബാബ്‌വേ സ്‌കോര്‍ 275ല്‍ നില്‍ക്കവെ റാസ പുറത്തായപ്പോള്‍ മാത്രമാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങുമ്പോള്‍ സിംബാബ്‌വേക്ക് വിജയം വെറും 13 റണ്‍സ് അകലെയായിരുന്നു.
മറ്റേതെങ്കിലും താരം കൂടി റാസ പിന്തുണ നല്‍കിയിരുന്നുവെങ്കില്‍ മൂന്നാം മത്സരം സിംബാബ്‌വേ വിജയിക്കുമായിരുന്നു.
ഇന്ത്യക്കായി ആവേശ് ഖാന്‍ മൂന്നും ദീപക് ചഹര്‍, കുല്‍ദീപ് യാദവ് അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. താക്കൂറിന് ഒറ്റ വിക്കറ്റ് മാത്രമേ ലഭിച്ചിരുന്നുവെങ്കിലും പുറത്താക്കിയത് അപകടകാരിയായ റാസയെ ആയിരുന്നു.
മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.
Content Highlight: Sikander Raza caught and dismissed by Shubman Gill, India win in third ODI, as well as series