പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആരാധകരെ ത്രില്ലടിപ്പിച്ച് സിംബാബ്‌വേ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ. സിക്‌സെന്നുറപ്പിച്ച ഷോട്ട് തന്റെ ആക്രോബാട്ക്ടിക് സ്‌കില്ലിലൂടെ താരം തടുത്തിടുകയായിരുന്നു.
പി.എസ്.എല്ലിലെ ലാഹോര്‍ ഖലന്ദേഴ്‌സ് – ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് മത്സരത്തിലായിരുന്നു റാസ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.
ഗ്ലാഡിയേറ്റേഴ്‌സ് ഇന്നിങ്‌സിലെ അഞ്ചാം ഓവറിലായിരുന്നു സംഭവം. റാഷിദ് ഖാനെറിഞ്ഞ പന്ത് സ്‌ട്രൈക്കിലുണ്ടായിരുന്ന വില്‍ സ്മീഡ് പടുകൂറ്റന്‍ ഷോട്ട് കളിക്കുകയായിരുന്നു. അത് സിക്‌സറാണെന്ന് റാഷിദ് ഖാന്‍ അടക്കമുള്ള ഗ്രൗണ്ടിലെ എല്ലാവരും വിശ്വസിക്കുന്ന തരത്തിലായിരുന്നു സ്മീഡ് ഷോട്ട് പായിച്ചത്.
എന്നാല്‍ അത് സിക്‌സറാകാന്‍ പോകുന്നില്ല എന്ന ആത്മവിശ്വാസമായിരുന്നു റാസക്കുണ്ടായിരുന്നത്. അതുതന്നെയാണ് ആ ഷോട്ട് തടുത്തിടാന്‍ അവനെ തുണച്ചതും. അവനെടുത്ത റണ്ണൊന്നും എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ അവനെക്കൊണ്ടാകില്ല എന്നായിരുന്നു റാസയുടെ പ്രകടനം കണ്ട കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഖലന്ദേഴ്‌സിന് സീസണിലെ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. അവരുടെ വമ്പനടിവീരന്‍മാരായ ഫഖര്‍ സമാനും അബ്ദുള്ള ഷഫീഖും പെട്ടെന്ന് തന്നെ പുറത്തായി.
പതിവിന് വിപരീതമായി ഖലന്ദേഴ്‌സ് നിര തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ഗദ്ദാഫി സ്റ്റേഡിയത്തില്‍ കണ്ടത്. ഏഴാമനായി സിക്കന്ദര്‍ റാസ ക്രീസിലെത്തും വരെ മത്സരം ഗ്ലാഡിയേറ്റേഴ്‌സിന്റെ പക്ഷത്തായിരുന്നു. എന്നാല്‍ റാസയെത്തിയതോടെ കളി മാറി.
ബൗണ്ടറിയും സിക്‌സറുമായി കളം നിറഞ്ഞുകളിച്ച റാസ 34 പന്തില്‍ നിന്നും പുറത്താവാതെ 71 റണ്‍സ് നേടി. താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ 149 എന്ന ടാര്‍ഗെറ്റ് ഖലന്തേഴ്‌സ് ഗ്ലാഡിയേറ്റേഴ്‌സിന് മുമ്പില്‍ വെച്ചു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനേ സാധിച്ചിരുന്നുള്ളൂ. ഇതോടെ ലാഹോര്‍ 17 റണ്‍സിന്റെ വിജയം ആഘോഷിച്ചു.
നിലവില്‍ ആറ് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഖലന്ദേഴ്‌സ്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനോടാണ് ഖലന്ദേഴ്‌സിന്റെ അടുത്ത മത്സരം. ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.
Content Highlight: Sikandar Raza with unbelievable save in PSL