സിംബാബ്‌വയെ വര്‍ഷങ്ങളോളം അത് വേട്ടയാടും ചങ്ക് പൊട്ടി സിക്കന്ദര്‍ റാസ
Sports News
സിംബാബ്‌വയെ വര്‍ഷങ്ങളോളം അത് വേട്ടയാടും ചങ്ക് പൊട്ടി സിക്കന്ദര്‍ റാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2024, 3:04 pm

അടുത്ത മാസം ഐ.സി.സി ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. 20 ടീമുകളാണ് ഈ പ്രാവിശ്യം ടൂര്‍ണമെന്റില്‍ ക്വാളിഫൈ ആയത്. ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്ഡീസിലും യു.എസിലുമായാണ് ലോകകപ്പ് നടക്കുന്നത്. നിലവില്‍ മിക്ക ടീമുകളും തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

എന്നാല്‍ ക്വാളിഫൈറില്‍ ഏറെ പൊരുതിയെങ്കിലും സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ്‌വെ പുറത്തായിരുന്നു. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന വൈറ്റ് ബോള്‍ പരമ്പരയ്ക്ക് മുന്നോടിയായി 2024 ടി-20 ലോകകപ്പ് നഷ്ടപ്പെട്ടത് സിംബാബ്‌വെ ടീമിനെ വര്‍ഷങ്ങളോളം വേട്ടയാടുമെന്ന് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ പറഞ്ഞിരുന്നു. ക്വാളിഫൈറില്‍ മിന്നൗസ് നമീബിയയും ഉഗാണ്ടയും സിംബാബ്വെയെ പരാജയപ്പെടുത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് മനംനൊന്താണ് റാസ മാധ്യമങ്ങളോട് സംസാരിച്ചത്.

‘അത് എപ്പോഴും വേദനാജനകമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ടീം കളിക്കുന്ന സമയം മാത്രമല്ല, ഞങ്ങള്‍ വിരമിക്കുമ്പോഴും ആ വേദന തുടരുമെന്ന് താന്നുന്നു. ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് വേദന മാത്രമല്ല, ഇത് ഞങ്ങളെ വേട്ടയാടുമെന്ന് കരുതുന്നു,’ സിക്കന്ദര്‍ റാസ ചിറ്റഗോങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്നലെ ബംഗ്ലാദേശും സിംബാബ്‌വെയും തമ്മില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റിനാണ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ 124 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 15.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ പൂജ്യം റണ്‍സിന് പുറത്താക്കുകയായിരുന്നു.

 

Content Highlight: Sikandar Raza Talking About ICC T-20 World Cup