| Friday, 30th June 2023, 9:19 am

മാന്‍ ഓഫ് ദി മാച്ച് അല്ലേ കിട്ടാത്തതുള്ളൂ, റെക്കോഡ് ഇടാലോ... ചരിത്രം കുറിച്ച് സിക്കന്ദര്‍ റാസ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി. ഏകദിന വേള്‍ഡ് കപ്പ് ക്വാളിഫയറിലെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി സിംബാബ്‌വേ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ഷെവ്‌റോണ്‍സ് വിജയം സ്വന്തമാക്കിയത്.

സീന്‍ വില്യംസിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് സിംബാബ്‌വേ വിജയത്തിലേക്ക് നടന്നുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് നേടി. 103 പന്തില്‍ നിന്നും 142 റണ്‍സുമായി തിളങ്ങിയ സീന്‍ വില്യംസാണ് സ്‌കോറിങ്ങിന് അടിത്തറയിട്ടത്.

വില്യംസിന് പുറമെ സിക്കന്ദര്‍ റാസ, ലൂക്ക് ജോങ്‌വേ, ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ എന്നിവരും ഷെവ്‌റോണ്‍സിനായി കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ചു.

ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 49 പന്തില്‍ നിന്നും 42 റണ്‍സാണ് റാസ നേടിയത്. ഫയാസ് ബട്ടിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയായിരുന്നു റാസയുടെ മടക്കം.

പുറത്താകുന്നതിന് മുമ്പ് തന്നെ ഒരു തകര്‍പ്പന്‍ നേട്ടം സിക്കന്ദര്‍ റാസ തന്റെ പേരില്‍ കുറിച്ചിരുന്നു. ഏകദിനത്തില്‍ സിംബാബ്‌വേക്കായി ഏറ്റവും വേഗത്തില്‍ 4,000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് റാസ തന്റെ പേരിലാക്കിയത്. സിംബാബ്‌വേ ലെജന്‍ഡ് ഗ്രാന്‍ഡ് ഫ്‌ളവറിന്റെ പേരിലുള്ള റെക്കോഡ് നേട്ടമാണ് റാസ തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.

ഏകദിനത്തില്‍ സിംബാബ്‌വേക്കായി വേഗത്തില്‍ 4,000 റണ്‍സ് തികയ്ക്കുന്ന താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

സിക്കന്ദര്‍ റാസ – 127

ഗ്രാന്‍ഡ് ഫ്‌ളവര്‍ – 128

ബ്രെണ്ടന്‍ ടെയ്‌ലര്‍ – 129

ആന്‍ഡി ഫ്‌ളവര്‍ – 133

സീന്‍ വില്യംസ് – 135

സിംബാബ്‌വേക്കായി കളിച്ച 134 മത്സരത്തിലെ 127 ഇന്നിങ്‌സില്‍ നിന്നുമായി 4,024 റണ്‍സാണ് റാസ സ്വന്തമാക്കിയത്. 37.60 ആവറേജിലും 86.79 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സിക്കന്ദര്‍ റണ്‍സടിച്ചുകൂട്ടിയത്.

ഏഴ് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും നേടിയ റാസയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 141 ആണ്.

അതേസമയം, ഒമാനെതിരായ വിജയത്തിന് പിന്നാലെ ലോകകപ്പ് സാധ്യതകളും സിംബാബ്‌വേ സജീവമാക്കി നിര്‍ത്തുന്നുണ്ട്. ജൂലൈ മൂന്നിനാണ് ഷെവ്‌റോണ്‍സിന്റെ അടുത്ത മത്സരം. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

Content highlight: Sikandar Raza scored fastest 4000 runs for Zimbabwe

We use cookies to give you the best possible experience. Learn more