സിംബാബ്‌വേയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനിറങ്ങിയ സന്ദര്‍ശകര്‍ക്ക് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും പിഴച്ചു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഷെവ്‌റോണ്‍സിന് പരാജയപ്പെടേണ്ടി വന്നത്.
സിംബാബ്‌വേ ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയിക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് സിംബാബ്‌വന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. 42 പന്ത് നേരിട്ട് 62 റണ്‍സാണ് റാസ നേടിയത്. 147.62 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റാസയെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ ടി-20 മത്സരങ്ങളില്‍ ഏറ്റവുമധികം തവണ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് റാസ നേടിയത്. തുടര്‍ച്ചയായ അഞ്ചാം അന്താരാഷ്ട്ര ടി-20 ഫിഫ്റ്റിയാണ് റാസ കൊളംബോയില്‍ കുറിച്ചത്.
ഏറ്റവുമധികം തവണ തുടര്‍ച്ചയായ അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങള്‍
(താരം – ടീം – അര്‍ധ സെഞ്ച്വറികള്‍ എന്നീ ക്രമത്തില്‍)
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 5*
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 4
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 4
റീസ ഹെന്‍ഡ്രിക്‌സ് – സൗത്ത് ആഫ്രിക്ക – 4
ഡിസംബര്‍ ഏഴിന് അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് റാസ ഇതിന് മുമ്പ് അര്‍ധ സെഞ്ച്വറി നേടിയത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 42 പന്തില്‍ നിന്നും 65 റണ്‍സാണ് റാസ നേടിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
ഐ.സി.സി മെന്‍സ് ടി-20 വേള്‍ഡ് കപ്പ് ക്വാളിഫയറിലാണ് റാസയുടെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ പിറന്നത്. കെനിയക്കെതിരായ മത്സരത്തില്‍ 48 പന്തില്‍ 82 റണ്‍സ് നേടിയ റാസ, നൈജീരിയയോട് 65 റണ്‍സും നേടിയിരുന്നു.
റുവാണ്ടക്കെതിരെയാണ് ഈ സ്ട്രീക്കിലെ ആദ്യ അര്‍ധ സെഞ്ച്വറി റാസ നേടിയത്. വാണ്ടറേഴ്‌സ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 36 പന്ത് നേരിട്ട് 58 റണ്‍സാണ് താരം നേടിയത്.
തൊട്ടുമുമ്പ് ഉഗാണ്ടക്കെതിരെ നടന്ന മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ റാസക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ 48 റണ്‍സ് നേടി നില്‍ക്കവെ റിയാസത് അലി ഷായുടെ പന്തില്‍ ബ്രയാന്‍ മസാബക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ശ്രീലങ്കക്കെതിരെ അര്‍ധ സെഞ്ച്വറി നേടി റെക്കോഡിട്ടെങ്കിലും ജയിക്കാന്‍ സാധിക്കാത്തതിന്റെ നിരാശരയിലാണ് റാസ. പരമ്പരയില്‍ ശേഷിക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ സിംബാബ്‌വേക്ക് പരമ്പര സ്വന്തമാക്കാം. ജനുവരി 16നാണ് പരമ്പരയിലെ രണ്ടാം മത്സരം. കൊളംബോയാണ് വേദി.