അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ സിംബാബ്‌വേയെ മാത്രമേ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്ന് സിംബാബ്‌വേ സൂപ്പര്‍ താരവും ടി-20 നായകനുമായ സിക്കന്ദര്‍ റാസ. സിംബാബ്‌വേയാണ് തന്നെ വളര്‍ത്തിയെടുത്തതെന്നും അതിന് ഒന്നും പകരം നല്‍കാന്‍ സാധിക്കില്ലെന്നും ഖറാസ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ ഒരു ക്യു ആന്‍ഡ് എ സെഷനിടെയാണ് റാസ ഇക്കാര്യം പറഞ്ഞത്.
‘പാകിസ്ഥാന് വേണ്ടി കളിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മിഡില്‍ ഓര്‍ഡറിലെ ബാറ്റിങ് പോരായ്മകള്‍ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും,’ എന്ന ആരാധകന്റെ ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് റാസ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ജനിച്ചത് പാകിസ്ഥാനിലാണ് കൂടാതെ സിംബാബ്‌വേ ക്രിക്കറ്റ് വളര്‍ത്തിയെടുത്ത താരവുമാണ്. ഞാന്‍ സിംബാബ്‌വേയെ മാത്രമേ പ്രതിനിധീകരിക്കുകയുള്ളൂ.
സിംബാബ്‌വേ എനിക്ക് വേണ്ടി പണവും സമയവും ചെലവഴിച്ചിട്ടുണ്ട്. അവരുടെ വിശ്വാസം തിരിച്ചുനല്‍കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ എന്തുതന്നെ നേടിയാലും അതൊന്നും അവര്‍ നല്‍കിയതിന് പകരമാകില്ല.
സിം (സിംബാബ്‌വേ) എന്റേതാണ്, ഞാന്‍ സിംബാബ്‌വേയുടേതും,’ റാസ പറഞ്ഞു.
1986 ഏപ്രില്‍ 24ന് പാകിസ്ഥാന്‍, പഞ്ചാബ് പ്രവിശ്യയിലെ സിലാക്കോട്ടിലാണ് റാസ ജനിച്ചത്. ശേഷം അദ്ദേഹത്തിന്റെ കുടുംബം സിംബാബ്‌വേയിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു.
2013ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഇതുവരെ 250 അന്താരാഷ്ട്ര മത്സരങ്ങളില്‍ റാസ സിംബാബ്‌വേ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.
ഷെവ്‌റോണ്‍സിനായി 7,378 റണ്‍സ് നേടിയ താരം 188 അന്താരാഷ്ട്ര വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, പാകിസ്ഥാന്റെ സിംബാബ്‌വേ പര്യടനമാണ് ഇനി സിക്കന്ദര്‍ റാസക്ക് മുമ്പിലുള്ളത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് സിംബാബ്‌വേ പാകിസ്ഥാനെതിരെ കളിക്കുക.
Content Highlight: Sikandar Raza says he will only represent Zimbabwe