അടിച്ച ഫോറിനേക്കാള്‍ എട്ടിരട്ടി സിക്‌സര്‍; ജയിച്ചിട്ടും തോറ്റ റാസയുടെ ഫൈനല്‍ ഇന്നിങ്‌സിന് കയ്യടി
Sports News
അടിച്ച ഫോറിനേക്കാള്‍ എട്ടിരട്ടി സിക്‌സര്‍; ജയിച്ചിട്ടും തോറ്റ റാസയുടെ ഫൈനല്‍ ഇന്നിങ്‌സിന് കയ്യടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th November 2023, 8:16 pm

ടി-20 ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്‍രിലെ അവസാന മത്സരത്തില്‍ സിംബാബ്‌വേ മികച്ച വിജയം നേടിയിരുന്നു. യുണൈറ്റഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കെനിയയെ 110 റണ്‍സിനാണ് ഷെവ്‌റോണ്‍സ് തകര്‍ത്തുവിട്ടത്.

ഈ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ഉഗാണ്ട റുവാണ്ടയെ പരാജയപ്പെടുത്തിയതോടെ സിംബാബ്‌വേക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. ആറ് മത്സരത്തില്‍ നിന്നും നാല് ജയവുമായി മൂന്നാം സ്ഥാനത്താണ് സിംബാബ്‌വേ തങ്ങളുടെ ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്.

ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കിലും കെനിയക്കെതിരായ മത്സരത്തിലെ സിംബാബ്‌വന്‍ നായകന്‍ സിക്കന്ദര്‍ റാസയുടെ പ്രകടനം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് റാസ സിംബാബ്‌വന്‍ നിരയില്‍ നിര്‍ണായകമായത്.

48 പന്തില്‍ നിന്നും 82 റണ്‍സ് നേടിയാണ് സിക്കന്ദര്‍ റാസ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്. എട്ട് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 170.83 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് റാസ അര്‍ധ സെഞ്ച്വറി നേടിയത്.

റാസക്ക് പുറമെ സൂപ്പര്‍ താരം സീന്‍ വില്യംസും സിംബാബ്‌വേക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 26 പന്തില്‍ നിന്നും നാല് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഇരുവരുടെയും ഇന്നിങ്‌സിന്റെ കരുത്തില്‍ സിംബാബ്‌വേ 217 റണ്‍സ് നേടി.

218 റണ്‍സ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കെനിയക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ 107 റണ്‍സ് മാത്രമനാണ് നേടാന്‍ സാധിച്ചത്. ഇതോടെ 110 റണ്‍സിന്‍രെ കൂറ്റന്‍ ജയം നേടാനും സിംബാബ്‌വേക്കായി.

ഷെവ്‌റോണ്‍സിനായി സീന്‍ വില്യംസ്, റയാന്‍ ബേള്‍, റിച്ചാര്‍ഡ് എന്‍ഗരാവ, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കെനിയക്കെതിരെ പുറത്തെടുത്ത ഓള്‍ റൗണ്ട് മികവിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും റാസ തന്നെയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റാസ മത്സരത്തിലെ താരമാകുന്നത്.

 

അയര്‍ലന്‍ഡിന്റെ സിംബാബ്‌വന്‍ പര്യടനമാണ് ഇനി ഷെവ്‌റോണ്‍സിന് മുമ്പിലുള്ളത്. മൂന്ന് ടി-20യും അത്രതന്നെ ഏകദിനവുമാണ് സിംബാബ് വേക്ക് മുമ്പിലുഴള്ളത്. ഡിസംബര്‍ 7നാണ് പരമ്പര ആരംഭിക്കുന്നത്.

 

Content highlight: Sikandar Raza’s brilliant innings against Kenya