World Cup 2023
ബാറ്റിങ്ങിലും നൂറ് മാര്‍ക്ക് 💯 ബൗളിങ്ങിലും നൂറ് മാര്‍ക്ക് 💯, ഒപ്പം ഏകദിന റെക്കോഡും 🔥; വല്ലാത്തൊരു ഓള്‍റൗണ്ടര്‍ തന്നടേയ്...
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 20, 03:49 pm
Tuesday, 20th June 2023, 9:19 pm

ഐ.സി.സി ഏകദിന ലോകകപ്പ് 2023ന്റെ യോഗ്യതാ മത്സരത്തില്‍ രണ്ടാം മത്സരവും വിജയിച്ച് സിംബാബ്‌വേ. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡിസിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഷെവ്‌റോണ്‍സ് ഗംഭീര വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് പ്രകടനമാണ് സിംബാബ്‌വേക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കസറിയ റാസയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

ബൗളിങ്ങില്‍ നാല് വിക്കറ്റ് നേട്ടം കൊയ്ത റാസ ബാറ്റിങ്ങില്‍ സെഞ്ച്വറിയും നേടിയിരുന്നു. ഏകദിന മത്സരത്തില്‍ സിംബാബ്‌വേക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡും സ്വന്തമാക്കിയാണ് റാസ ഷെവ്‌റോണ്‍സിന് വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ വിക്രംജിത് സിങ്ങിന്റെയും ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സിന്റെയും മാക്‌സ് ഓ ഡൗഡിന്റെയും കരുത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

റണ്ണൊഴുകിയ ഹരാരെയില്‍ വിക്രംജിത് 88 റണ്‍സ് നേടിയപ്പോള്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് 83 റണ്‍സും നേടി. 67 പന്തില്‍ നിന്നും 53 റണ്‍സ് നേടിയാണ് മാക്‌സ് ഒ ഡൗഡ് നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

 

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നെതര്‍ലന്‍ഡ്‌സ് നേടിയത്.

ഷെവ്‌റോണ്‍സിനായി സിക്കന്ദര്‍ റാസ നാല് വിക്കറ്റ് നേടിയപ്പോള്‍ റിച്ചാര്‍ഡ് എന്‍ഗരാവ രണ്ട് വിക്കറ്റും വീഴ്ത്തി.

നെതര്‍ലന്‍ഡ്‌സിന്റെ മൂന്ന് അര്‍ധ സെഞ്ച്വറിക്കുള്ള മറുപടിയായി ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമാണ് സിംബാബ്‌വേ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.

54 പന്തില്‍ നിന്നും പുറത്താകാതെ 102 റണ്‍സ് നേടി ഏകദിനത്തിലെ ഒരു സിംബാബ്‌വേ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയുമായി റാസ തിളങ്ങിയപ്പോള്‍ 58 പന്തില്‍ നിന്നും 91 റണ്‍സുമായി സീന്‍ വില്യംസ് വെടിക്കെട്ട് തീര്‍ത്തു.

ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനിന്റെ അര്‍ധ സെഞ്ച്വറിയുമായപ്പോള്‍ 55 പന്ത് ബാക്കി നില്‍ക്കെ സിംബാബ്‌വേ വിജയം സ്വന്തമാക്കുകയായിരുന്നു.

റാസയുടെ സെഞ്ച്വറി തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. വ്യക്തഗത സ്‌കോര്‍ 96ല്‍ നില്‍ക്കവെ സിക്‌സറടിച്ച് ടീമിന്റെ വിജയവും സെഞ്ച്വറിയും ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയാണ് റാസ തിളങ്ങിയത്.

ക്വാളിഫയറില്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച സിംബാബ്‌വേ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ്. ജൂണ്‍ 24നാണ് സിംബാബ്‌വേയുടെ അടുത്ത മത്സരം. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.

 

Content Highlight: Sikandar Raza’s brilliant all-round performance lead Zimbabwe to win