| Saturday, 27th April 2024, 2:54 pm

ചരിത്രവിജയത്തിന്റെ ആഘോഷരാവിൽ പഞ്ചാബിന് കനത്ത തിരിച്ചടി; സൂപ്പർ താരം നാട്ടിലേക്ക് മടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്തുക്കൊണ്ട് പഞ്ചാബ് കിങ്‌സ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് പഞ്ചാബിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് എട്ട് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ടി-20 ക്രിക്കറ്റ് ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന ചെയ്സിങ് ആയിരുന്നു ഇത്.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പഞ്ചാബ് ടീമിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പഞ്ചാബിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ വരാനിരിക്കുന്ന മത്സരങ്ങളില്‍ പഞ്ചാബ് ടീമിനൊപ്പം ഉണ്ടായിരിക്കില്ല.

ബംഗ്ലാദേശിനെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയ്ക്കായുള്ള സിംബാബ്വെ ടീമില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇന്ത്യ വിട്ടത്. മെയ് മൂന്ന് മുതല്‍ 12 വരെയാണ് പരമ്പര നടക്കുക. ഈ സമയങ്ങളില്‍ നടക്കുന്ന പഞ്ചാബിന്റെ മത്സരങ്ങള്‍ ആയിരിക്കും താരത്തിന് നഷ്ടമാവുക. ഇതുവരെ ഈ സീസണില്‍ രണ്ടു മത്സരങ്ങളിലാണ് റാസക്ക് കളിക്കാന്‍ സാധിച്ചത്.

റാസ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘എന്നെ ഈ ഐ.പി.എല്ലില്‍ സ്വന്തമാക്കിയ പഞ്ചാബ് കിങ്‌സിന് നന്ദി. ഇവിടെയുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ഇപ്പോള്‍ ദേശീയ ടീമിനു വേണ്ടി കളിക്കേണ്ട സമയമായി. നമ്മള്‍ വീണ്ടും വൈകാതെ തന്നെ കാണും,’ റാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ആറ് തോല്‍വിയും അടക്കം ആറ് പോയിന്റോടെ എട്ടാം സ്ഥാനത്താണ് പഞ്ചാബ്. മെയ് ഒന്നിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Sikandar Raza left Punjab Kings squad for National duty

We use cookies to give you the best possible experience. Learn more